Sat. Jan 18th, 2025

 

ന്യൂഡല്‍ഹി: പോക്സോ കേസില്‍ അറസ്റ്റിലായ നൃത്ത സംവിധായകന്‍ ഷെയ്ഖ് ജാനി ബാഷയെന്ന ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സെല്‍ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കി.

ജാനിക്കെതിരായ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് സസ്‌പെന്‍ഡ് ചെയ്തായി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ ഒക്ടോബര്‍ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നൃത്ത സംവിധായകന് നല്‍കിയ ക്ഷണവും പിന്‍വലിച്ചിട്ടുണ്ട്.

ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് ദേശീയ അവാര്‍ഡ് നേടിയത്. ഇതില്‍ സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് വിവരം. ദേശീയ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഇയാള്‍ക്ക് അടുത്തിടെ കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഹൈദരാബാദിലെ രംഗറെഡ്ഡി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 6 മുതല്‍ 10 വരെയാണ് ജാനി മാസ്റ്റര്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ജാമ്യത്തിലിരിക്കേ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നും മറ്റൊരു ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിക്കരുതെന്നും കോടതിയില്‍ നിന്ന് നിര്‍ദേശമുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സെപ്തംബര്‍ 19 നാണ് ജാനി മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തത്. സെക്ഷന്‍ 376 (2) (ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷ), 506 ( ഭീഷണിപ്പെടുത്തല്‍) കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനുള്ള ശിക്ഷ ), പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്.

2019 മുതല്‍ പെണ്‍കുട്ടി ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടെ ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും ഒന്നിലേറെ തവണ ഇത് തുടര്‍ന്നുവെന്നുമാണ് റായ്ദുര്‍ഗം പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയത്.

ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ ജാനി തന്നെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. നര്‍സിംഗിലെ തന്റെ വസതിയില്‍ വെച്ച് തന്നെ പലതവണ ഉപദ്രവിച്ചതായും മൊഴിയിലുണ്ട്.