Sat. Jan 18th, 2025

 

ന്യൂഡൽഹി: ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽനിന്ന് 1814 കോടി വിലവരുന്ന വമ്പൻ മയക്കുമരുന്ന് ശേഖരവും ഇവയുണ്ടാക്കാനുപയോ​ഗിച്ച വസ്തുക്കളും പിടിച്ചെടുത്തു. ​​ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ഡൽഹിയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

എംഡി (മെഫെഡ്രോൺ) ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് ഇവ. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘവിയാണ് മയക്കുമരുന്ന് പിടിച്ചെടുത്ത കാര്യം അറിയിച്ചത്.

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഗുജറാത്ത് ഭീകര വിരുദ്ധ സേനക്കും ഡൽഹി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോക്കും അഭിനന്ദനങ്ങൾ എന്നുപറഞ്ഞുകൊണ്ട് ഹർഷ് സാംഘവി മയക്കുമരുന്ന് വേട്ടയേക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്.

“മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നമ്മുടെ നിയമ നിർവ്വഹണ ഏജൻസികൾ അശ്രാന്ത പരിശ്രമത്തിലാണെന്നാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. നമ്മുടെ സമൂഹത്തിന്‍റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിൽ അവരുടെ കൂട്ടായ ശ്രമങ്ങൾ നിർണായകമാണ്. നിയമപാലകരുടെ അർപ്പണബോധം ശ്ലാഘനീയമാണ്. ഇന്ത്യയെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ രാഷ്ട്രമാക്കി മാറ്റാനുള്ള അവരുടെ ദൗത്യത്തിൽ അവരെ പിന്തുണയ്ക്കുന്നത് തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാബിൽവെച്ച് നിർമിക്കുന്നവയാണ് എംഡി മയക്കുമരുന്നുകൾ. മെത്താംഫെറ്റാമൈൻ പോലുള്ളവ ഉപയോ​ഗിക്കുന്നതിന് സമാനമായ ഫലങ്ങളാണ് ഇവയ്ക്കുള്ളത്.