Sat. Jan 18th, 2025

കോഴിക്കോട്: അർജുൻ്റെ കുടുംബം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കും. പകരം മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് മനാഫിൻ്റെ പേര് ഉൾപ്പെടുത്തിയത്.

മനാഫിൻ്റെ യുട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. അർജുൻ്റെ കുടുംബം നൽകിയ പരാതിയെ തുടർന്നു ചേവായൂർ പോലീസാണ് കേസെടുത്തത്. കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അധിക്ഷേപകരമായ കമൻ്റ് ഇട്ടവർക്കെതിരെയാണു പരാതിയെന്നും കുടുംബം മൊഴി നൽകി.