Wed. Oct 16th, 2024

കോഴിക്കോട്: സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ  ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അർജുൻ്റെ സഹോദരി അഞ്ജുവിൻ്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പോലീസ് കേസെടുത്തത്. കുടുംബത്തിൻ്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് പരാതിയിൽ പറയുന്നു.

വാർത്ത സമ്മേളനത്തിന് പിന്നാലെ സൈബർ ആക്രമണം രൂക്ഷമായതോടെ ഇന്നലെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് കുടുംബം പരാതി നൽകിയത്. മെഡിക്കൽ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കുമെന്ന് എസിപി അറിയിച്ചിരുന്നു. ഇതിനിടെ സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മനാഫ് തങ്ങളെ വൈകാരികമായി മാർക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ ആരോപിച്ചത്. മനാഫ് മാധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നൽകരുതെന്നും തങ്ങൾ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളിൽ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.

കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് താനെന്നും മോശമായിപ്പോയെങ്കിൽ അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിൻ്റെ മഹത്വം ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കരുതെന്നും മനാഫ് പറഞ്ഞു.