Wed. Dec 18th, 2024

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അരവിന്ദ് കേജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇന്ന ഉച്ചയോടെയാണ് കേജ്‌രിവാള്‍ എട്ടു വര്‍ഷത്തിന് ശേഷം നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പടിയിറങ്ങിയത്.

മാതാപിതാക്കള്‍ക്കും ഭാര്യക്കുമൊപ്പമായിരുന്നു താമസം മാറിയത്. ഓരോ ജീവനക്കാരേയും കണ്ട് നന്ദി അറിയിച്ച ശേഷമായിരുന്നു താമസം മാറല്‍. പാര്‍ട്ടി ആസ്ഥാനത്തിനടുത്തേക്കാണ് കേജ്രിവാള്‍ താമസം മാറിയിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എം പിയായ അഷോക് മിത്തലിൻ്റെ വസതിയാണ് കേജ്‌രിവാള്‍ താമസത്തിന് തിരിഞ്ഞെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ തന്നെ ഔദ്യോഗിക വസതിയില്‍ നിന്നും ഉടന്‍ താമസം മാറുമെന്ന് കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാകാരണങ്ങളാല്‍ ഔദ്യോഗിക വസതി ഒഴിയരുതെന്ന് എഎപി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കേജ്‌രിവാള്‍ അതിന് തയാറായില്ല. മദ്യനയ അഴിമതിക്കേസില്‍ തീഹാര്‍ ജയിലിലായിരുന്ന കേജ്‌രിവാള്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അതിഷിയാണ് കേജ്‌രിവാളിന് പിന്‍ഗാമിയായി ഡല്‍ഹി മുഖ്യമന്ത്രിയുടെ കസേരയില്‍ എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കാനാണ് നിലവില്‍ അരവിന്ദ് കേജ്‌രിവാളിൻ്റെ തീരുമാനം. അടുത്ത ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടി മുഖ്യമന്ത്രി കസേരയിലേക്ക് തിരികെയെത്താനാണ് കേജ്‌രിവാളിൻ്റെ ശ്രമം.