Sat. Dec 14th, 2024

തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്.

ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം നടന്നത്. മേരിയുടെ സഹോദരന്‍ രാജന്‍ ജോസഫിൻ്റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകന്‍ ടെഡ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലത്തെ പള്ളിയില്‍ ഇന്നലെ പെരുനാള്‍ ആഘോഷത്തിന് പോയതായിരുന്നു ഇവര്‍. പെരുനാളില്‍ പങ്കെടുത്ത ശേഷം ബന്ധു വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെ തന്നെ വീട്ടിലേയ്ക്കു പോകുന്നതിനിടെയാണ് അപകടം നടന്നത്. വാഹനമോടിച്ചിരുന്ന ടെഡ് ഉറങ്ങിപ്പോയതോടെ കാർ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് കരുതുന്നത്. മരത്തിലിടിച്ചുകയറിയ കാറിൻ്റെ മുന്‍ ഭാഗം പൂർണമായും തകർന്ന നിലയിലാണ്.