Wed. Dec 18th, 2024

തിരുവനന്തപുരം: ആര്‍എസ്എസ് ദേശീയനേതാക്കളെ കൂടാതെ സംസ്ഥാനത്തെ സംഘപരിവാര്‍ പ്രമുഖനുമായും എഡിജിപി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തി.

പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായാണ് ഓഗസ്റ്റ് നാലിനു കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ അജിത് കുമാർ വയനാട്ടിലുണ്ടായിരുന്ന സമയത്താണ് കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയുടെ വിവരം സിപിഎം സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. ഇത് ഇന്റലിജന്‍സ് വിഭാഗം ഡിജിപിക്കും കൈമാറിയിട്ടുണ്ട്. കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ വത്സന്‍ തില്ലങ്കേരി നിഷേധിച്ചില്ല.

വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വത്സന്‍ തില്ലങ്കേരി പങ്കെടുത്തിരുന്നു. തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമം നടന്ന ദിവസം തില്ലങ്കേരിയും സ്ഥലത്തുണ്ടായിരുന്നു. മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയിരുന്നെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതേദിവസം എഡിജിപിയും തൃശ്ശൂരിലുണ്ടായിരുന്നു.