Wed. Dec 18th, 2024

തിരുവനന്തപുരം: സിനിമയിൽ  ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്ന് നടി പത്മപ്രിയ. സിനിമയിൽ പുരുഷമേധാവിത്വമാണ് നിലനിൽക്കുന്നത്. നടന്മാർ സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നു. നടന്മാരുടെ കഥകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്നുവെന്നും സ്ത്രീ മേധാവിത്വമുള്ള സിനിമകൾ പൊതുവേ കുറവാണെന്നും പത്മപ്രിയ പറഞ്ഞു.

സിനിമകളിൽ സീൻ എടുക്കുമ്പോൾ നടിമാരുടെ അനുവാദം  ആരും ചോദിക്കുന്നില്ലെന്നും ഒരു തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തന്നെ തല്ലിയിട്ടുണ്ടെന്നും പത്മപ്രിയ പറഞ്ഞു.

സിനിമയിലെ ടെക്നിക്കൽ വിഭാഗത്തിൽ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും 2022 ൽ ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠന പ്രകാരം നിർമാണം, സംവിധാനം, ഛായാഗ്രാഹണം തുടങ്ങിയ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നെന്നും പത്മപ്രിയ വ്യക്തമാക്കി. സിനിമാ പോസ്റ്ററുകളിൽ നടിമാർക്ക് പ്രാമുഖ്യം ലഭിക്കുന്നതിനു കാരണം പണമാണ്. ഒരു ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. അവർക്ക് കൃത്യമായി ഭക്ഷണം നൽകില്ല എന്നു മാത്രമല്ല, ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. 2017 ൽ തൻ്റെ സഹപ്രവർത്തകയ്ക്ക് ഒരു ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് താൻ ചിന്തിക്കുന്നതെന്നും പത്മപ്രിയ പ്രതികരിച്ചു.