Thu. Dec 19th, 2024

കൊച്ചി: നടിയുടെ പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

62ാമത്തെ കേസായിട്ടാണ് ഹർജി. ലൈംഗികപീഡന പരാതിയിൽ തൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക്‌ പൂർണമായും തെറ്റുപറ്റിയെന്നാണ് ബെഞ്ചിനുമുൻപാകെ സിദ്ദിഖ് ഉന്നയിക്കാൻ പോകുന്നത്. ആരോപിക്കപ്പെടുന്ന സംഭവം നടന്നതിനുശേഷം പരാതി നൽകാൻ എട്ടുവർഷമെടുത്തു എന്ന കാരണത്താൽമാത്രം മുൻകൂർ ജാമ്യം അനുവദിക്കേണ്ടതല്ലേയെന്നാണ് സിദ്ദിഖ് ഉന്നയിക്കുന്ന ചോദ്യങ്ങളിലൊന്ന്.

എഫ്ഐആർ രജിസ്റ്റർചെയ്തതിലെ കാലതാമസം വിശദീകരിക്കാനാവാത്തത് അതിൻ്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നില്ലേയെന്നും അഡ്വ. രഞ്ജീതാ റോത്തഗിവഴി ഫയൽചെയ്ത ഹർജിയിൽ സിദ്ദിഖ് ചോദിക്കുന്നു. സിദ്ദിഖിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാകും ഹാജരാവുക. തങ്ങളുടെ ഭാഗംകൂടി കേൾക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹർജി നൽകിയ സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരാകും.

സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് കീഴടങ്ങും. തിരുവനന്തപുരത്ത് എത്തി കീഴടങ്ങുമെന്നാണ് വിവരം. മാധ്യമങ്ങളെ ഒഴിവാക്കിയുള്ള രഹസ്യ നീക്കത്തിനാണ് ശ്രമം. അതേസമയം, ഒളിവില്‍ തുടരുന്ന സിദ്ദിഖ് കൊച്ചിയില്‍ തന്നെ ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിന് ഉള്ളില്‍ തന്നെ കസ്റ്റഡിയിൽ ശ്രമമെന്നും പോലീസ് അറിയിച്ചു. സിദ്ദിഖിനെ സഹായിച്ചെന്ന സംശയത്തില്‍ മകൻ ഷഹീന്‍റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ പോലീസ് ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു വിഭാഗം കൊച്ചിയില്‍ തുടരുന്നുണ്ട്.