Wed. Dec 18th, 2024

ടെല്‍ അവീവ്: ഹിസ്ബുള്ള നേതാവിനെ കൊലപ്പെടുത്തി ഇസ്രായേല്‍ തങ്ങളുടെ  കണക്കുവീട്ടിയെന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാക്കുംവരെ ഹിസ്ബുള്ളയ്‌ക്കെതിരേ സൈനികനടപടി തുടരുമെന്നും നെതന്യാഹു പറഞ്ഞു. ലെബനനിൽ ഇസ്രായേല്‍ നടത്തുന്ന അതിക്രമം  നിര്‍ത്തണമെന്ന് അന്താരാഷ്ട്രതലത്തില്‍ ആവശ്യം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ പ്രസ്താവന.

നസ്രള്ളയില്ലാത്ത സുരക്ഷിത ഇടം ഇസ്രായേല്‍ ലോകത്തിന് നൽകിയെന്ന് സേനാവക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. നസ്രള്ളയുടെ വധം ഹിസ്ബുള്ളയുടെ ഇരകളായ അനേകംപേര്‍ക്കുള്ള നീതിയുടെ അളവുകോലാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. നസ്രള്ളയുടെ കൈകളില്‍ അനേകം അമേരിക്കക്കാരുടെ ചോര പുരണ്ടിട്ടുണ്ടെന്ന് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാഹാരിസ് പറഞ്ഞു. അതേസമയം, നസ്രള്ള വധത്തെ റഷ്യയും ചൈനയും അപലപിച്ചു.

ഇരുകൂട്ടരോടും സംഘര്‍ഷത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനംചെയ്തു. വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലാണ് നസ്രള്ള കൊല്ലപ്പെട്ടത്.  നസ്രള്ളയെ വധിക്കാന്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ 20ലേറെ അംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ പ്രതിരോധസേനഅറിയിച്ചു. രണ്ടുദിവസത്തിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 14 രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായതായി ലെബനന്‍ അറിയിച്ചു.