Wed. Dec 18th, 2024

 

തിരുവനന്തപുരം: സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍ തന്നെയെന്നുറപ്പിച്ച് നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയെന്നും മൊഴിയെടുത്തെന്നും ഷഹീന്‍ പറഞ്ഞു.

പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഇങ്ങനെ പിടിച്ചുകൊണ്ടുപോകുന്നത് ആദ്യമാണ്. എവിടെയാണെന്ന് വിവരമില്ല. പോലീസ് ഇക്കാര്യം അംഗീകരിക്കുന്നില്ല. സുപ്രീം കോടതിയില്‍ നിന്ന് നാളെ തന്നെ ഒരു തീരുമാനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് രാവിലെ 5.30ഓടെയാണ് സുഹൃത്തുക്കളായ പോളിനേയും ലിബിനേയും പ്രത്യേക അന്വേഷണ സംഘം പിടികൂടിക്കൊണ്ടുപോയത്. കേസിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. രാവിലെ 11.30ഓടു കൂടിയാണ് താന്‍ ഇക്കാര്യങ്ങള്‍ അറിയുന്നത്.

ഉച്ചക്ക് 2.03ന് അച്ഛനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സുഹൃത്ത് നബീര്‍ വിളിച്ചിരുന്നു. പിതാവിനെക്കുറിച്ചുള്ള വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്നാണ് പറഞ്ഞത്. ഒരു തരം ബ്ലാക്ക് മെയിലിങ് രീതി ഉപയോഗിച്ചാണ് അന്വേഷണം’, ഷഹീന്‍ പറഞ്ഞു

‘കഴിഞ്ഞ ദിവസം രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നു. പിന്നാലെ എന്റെ മൊഴിയെടുത്തതിന് ശേഷമാണ് ഇവര്‍ പോയത്. എന്തിനാണ് അവരെ കൊണ്ടുപോയതെന്ന് അറിയില്ല. വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരുടെ വീടുകളിലടക്കം ചെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സുഹൃത്തുക്കള്‍ എന്റെ കൂടെയുണ്ടായിരുന്നു. മറ്റ് കാര്യങ്ങളൊന്നും അറിയില്ല. സിദ്ദിഖ് സുഹൃത്തുക്കളുടെ വാഹനം ഉപയോഗിച്ചിട്ടില്ലെന്നും’ ഷഹീന്‍ പറഞ്ഞു.

അതേസമയം, ഷഹീന്റെ സുഹൃത്തുക്കളെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിദ്ദീഖ് എവിയെന്ന് ചോദിച്ച് കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാരോപിച്ചാണ് കുടുംബം പരാതി നല്‍കിയത്.