Sat. Jan 18th, 2025

 

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ അഞ്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയും ദര്‍ഗയും ഖബറിസ്ഥാനും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നടപടി.

അനധികൃതമെന്നാരോപിച്ച് സ്ഥലത്തെ സോംനാഥ ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് മസ്ജിദും തകര്‍ത്തത്. രാജ്യത്തുടനീളമുള്ള എല്ലാ പൊളിക്കലുകളും നിര്‍ത്തിവെക്കാന്‍ പത്ത് ദിവസം മുമ്പ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഗുജറാത്ത് ഭരണകൂടം സുപ്രീംകോടതിയുടെ ഉത്തരവ് അവഗണിക്കുകയും 500 വര്‍ഷം പഴക്കമുള്ള മസ്ജിദും ഖബറിടവും ദര്‍ഗയും തകര്‍ക്കുകയും ചെയ്തു. അനധികൃത കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ 36 ബുള്‍ഡോസറുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും 70 ട്രാക്ടറുകളും ട്രോളികളും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സോമനാഥ് വികസന പദ്ധതിക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ തുടരുകയാണ്. ഗിര്‍ സോമനാഥിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ പ്രവര്‍ത്തനമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പൊളിക്കല്‍ തടസ്സങ്ങളില്ലാതെ നടപ്പാക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലാ കലക്ടര്‍, ഐജിപിമാര്‍, മൂന്ന് എസ്പിമാര്‍, ആറ് ഡിവൈഎസ്പിമാര്‍, 50 പിഐപിഎസ്‌ഐമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 1,200 പൊലീസ് ഉദ്യോഗസ്ഥരെ അണിനിരത്തി. പള്ളി പൊളിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി സ്ഥലത്തെത്തിയ 70 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും പറയുന്നു.