Sat. Jan 18th, 2025

കോഴിക്കോട്: മലയാളികളുടെ മനസ്സിൽ എന്നും നീറുന്ന ഓർമയായി ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ. ആയിരങ്ങളാണ് കണ്ണാടിക്കലെ അർജുൻ്റെ വീട്ടിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്.

രാവിലെ പതിനൊന്ന് മണിക്ക് നിശ്ചയിച്ചിരുന്ന സംസ്കാരം ചടങ്ങുകൾ ജനത്തിരക്ക് മൂലം നീണ്ടു പോയി. വീടിന് സമീപം ഒരുക്കിയ ചിതയില്‍ മതാചാരപ്രകാരം അര്‍ജുന്റെ അനിയനാണ് തീ കൊളുത്തിയത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ എം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പി കെ ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു.

അര്‍ജുൻ്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ജില്ലാ തീര്‍ത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ കെ രമ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം രാവിലെ ആറ് മുതല്‍ തന്നെ ജന്മനാടായ കണ്ണാടിക്കല്‍ എത്തുമെന്നറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു.