Sat. Nov 16th, 2024

ബെയ്റൂത്ത്: ലെബനാന്‍ അതിര്‍ത്തിയില്‍ 21 ദിവസം വെടിനിര്‍ത്തുന്നതിനുള്ള സംയുക്ത അന്താരാഷ്ട്ര ആഹ്വാനം തള്ളി ഇസ്രായേല്‍. യുഎസ്, ഫ്രാന്‍സ്, സൗദി, ജര്‍മനി, ഖത്തര്‍, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് കഴിഞ്ഞ ദിവസം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഇത് തള്ളിയ ഇസ്രായേല്‍ ലെബനാനില്‍ ആക്രമണം കടുപ്പിക്കുകയും ചെയ്തു.

ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലെബനാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഹിസ്ബുള്ളയുടെ ഒരു കമാന്‍ഡറും കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ കമാന്‍ഡറായ ഹുസൈന്‍ സുറൂറാണ് കൊല്ലപ്പെട്ടത്.

ബെയ്റൂത്തിലെ തെക്കന്‍ പ്രാന്തപ്രദേശത്തു നടന്ന ആക്രമണത്തിലാണ് സുറൂര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ബെയ്റൂത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മറ്റൊരു കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയും കൊല്ലപ്പെട്ടിരുന്നു.

ഇതിനിടെ, വടക്കുകിഴക്കന്‍ ഇസ്രായേലി നഗരമായ ടിബീരിയസിനു നേരെ രണ്ട് റൗണ്ട് മിസൈല്‍ വിക്ഷേപിച്ചതായി ഹിസ്ബുള്ള അറിയിച്ചു. ലെബനാന്‍ ഗ്രാമങ്ങള്‍ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇതെന്ന് ഹിസ്ബുള്ള പറഞ്ഞു. ടിബീരിയസിനെതിരായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സിറിയ-ലെബനാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് പരിക്കേറ്റതായും സിറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്ളയ്ക്ക് ആയുധങ്ങള്‍ കൈമാറുന്നത് തടയാന്‍ നടത്തിയ ആക്രമണമാണിതെന്നായിരുന്നു ഇസ്രായേല്‍ വാദം.