Wed. Oct 16th, 2024

കർണാടക: ഷിരൂരിലെ മണ്ണിടിച്ചലിനെ തുടർന്ന് ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുൻ്റെ ലോറിക്കുള്ളിലെ പരിശോധനയിൽ കൂടുതൽ വസ്തുക്കൾ കണ്ടെത്തി. 

രണ്ടു ഫോൺ, അർജുൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, ബാഗ്, വാച്ച്, മകൻ്റെ കളിപ്പാട്ടം എന്നിവയാണ് കണ്ടെത്തിയത്. പുഴയിൽ നിന്ന് കണ്ടെത്തിയ ലോറി പൊളിച്ചു നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ലോറി പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. 

രണ്ട് അസ്ഥിഭാഗങ്ങളും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കാനായി മാറ്റി. കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത് എന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു. അതേസമയം അര്‍ജുൻ്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് കൈമാറിയേക്കും. മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ച ഡിഎന്‍എ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാര്‍വാര്‍ ജില്ലാ പോലീസ് മേധാവി എം നാരായണ പറഞ്ഞു.