Sat. Dec 14th, 2024

ന്യൂഡല്‍ഹി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരിപ്പോരാണ് തനിക്കെതിരായ പീഡനപരാതിക്ക് പിന്നിലെന്ന് നടന്‍ സിദ്ദിഖ്. 

സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് സിദ്ദിഖിൻ്റെ ആരോപണം. ഈ തര്‍ക്കത്തിൻ്റെ ഇരയാണ് താന്‍ എന്നും സിദ്ദിഖ് പറയുന്നു. തനിക്കെതിരായ ബലാത്സംഗ പരാതിയില്‍ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്നും സിദ്ദിഖ് ഹര്‍ജിയില്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പരാതിക്കാരി മുമ്പ് പലതവണ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ല. പരാതി നല്‍കാന്‍ എട്ടുവര്‍ഷത്തെ കാലതാമസമുണ്ടായി. ആരോപണങ്ങള്‍ പരസ്പരവിരുദ്ധമാണ്. ഭയം മൂലമാണ് പരാതി നല്‍കാന്‍ വൈകിയതെന്നത് അവിശ്വസനീയമാണ്. 

മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കണമെന്നും സിദ്ദിഖിൻ്റെ അഭിഭാഷകന്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ 65 വയസ്സു കഴിഞ്ഞ സീനിയര്‍ സിറ്റിസണാണ്. പേരക്കുട്ടി അടങ്ങുന്ന കുടുംബത്തിന്റെ ഭാഗമാണ്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാനും തയ്യാറാണ്. എന്നാല്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോകുകയാണ്. അതിനാല്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സുപ്രീംകോടതിയില്‍ സിദ്ദിഖിന് വേണ്ടി ഹാജരാകുക.