Wed. Jan 22nd, 2025
Expressing Views Different From Government is Not Sedition says top court

 

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലിയന്‍സ് നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധി.

കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും, ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ അത് കുറ്റകരമാകുകയുള്ളു എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെതിരെ ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി പ്രസ്താവം.

ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ വലിയ പിഴവുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി വിഷയം വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കണം. പോക്സോ നിയമത്തില്‍ പാര്‍ലമെന്റ് ഭേദഗതി വരുത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്സ്പ്ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.