ന്യൂയോര്‍ക്ക്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂയോര്‍ക്കിലെ സംഗീതനിശക്കിടയിലെ വീഡിയോ വൈറല്‍ ആവുന്നു. റാപ്പ് സംഗീതലോകത്തെ പുത്തന്‍ താരോദയവും മലയാളികൂടിയുമായ ഹനുമാന്‍കൈന്‍ഡിനെ വേദിയില്‍വെച്ച് കെട്ടിപ്പിടിക്കുമ്പോള്‍ മോദി ‘ജയ് ഹനുമാന്‍’ എന്ന് വിളിച്ച വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ ‘മോദി ആന്‍ഡ് യുഎസ്’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രോഗ്രാമിനിടെയായിരുന്നു സംഭവം. പ്രധാനമന്ത്രിക്ക് വേണ്ടി ഹനുമാന്‍കൈന്‍ഡും സംഘവും ബിഗ് ഡോഗ്സ് ഉള്‍പ്പെടെയുള്ള അവരുടെ ഹിറ്റ് ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചിരുന്നു.
പരിപാടി കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വേദിയിലേക്കെത്തി കലാകാരന്മാര്‍ ഓരോരുത്തരെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതില്‍ ഹനുമാന്‍കൈന്‍ഡിനെ കെട്ടിപ്പിടിച്ചപ്പോള്‍ മോദി പറഞ്ഞത് ‘ജയ് ഹനുമാന്‍’ എന്നായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രധാനമന്ത്രി പുകഴ്ത്തുകയും ചെയ്തിരുന്നു.
VIDEO | PM Modi (@narendramodi) welcomed by music artists Hanumankind, Aditya Gadhvi and Devi Sri Prasad (@ThisIsDSP) onstage at the Community Event at Nassau Coliseum in New York earlier today. #PMModiUSVisit
(Source: Third Party) pic.twitter.com/thZKkxDEw2
— Press Trust of India (@PTI_News) September 22, 2024
ഹനുമാന്‍ കൈന്‍ഡിനൊപ്പം ആദിത്യ ഗാധ്വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖലാസി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തനായ കലാകാരനാണ് ആദിത്യ ഗാധ്വി.
മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്ട് ആണ് റാപ്പ് ലോകത്ത് ഹനുമാന്‍കൈന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. ചെറിയ റാപ്പ് ഇവന്റുകളിലൂടെ സംഗീത ലോകത്ത് തന്റെതായ ഇടം പിടിച്ച ഹനുമാന്‍ കൈന്‍ഡിന്റെ ബിഗ് ഡോഗ്സ് എന്ന ഗാനം യൂട്യൂബില്‍ കണ്ടത് ഒന്നരകോടിക്കടുത്ത് ആളുകളാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും എത്തുകയാണ് ഹനുമാന്‍കൈന്‍ഡ്.