Wed. Dec 18th, 2024

 

വാഷിങ്ടണ്‍: ലെബനാനിലെ പേജര്‍ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മുന്‍ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ. പേജര്‍, വാക്കി ടോക്കി അക്രമണങ്ങള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ലിയോണ്‍ പനേറ്റ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിത്യോപയോഗ വസ്തുക്കള്‍ ഭീകരാക്രമണത്തിന് ഉപയോഗിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പരക്കുമെന്നും അടുത്തത് എന്താണ് പൊട്ടിത്തെറിക്കുകയെന്ന സംശയ ദൃഷ്ടിയോടെയാണ് ആളുകള്‍ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘പേജര്‍ ആക്രമണം ഭീകരാക്രമണമാണെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ ആക്രമണത്തെ ഉടന്‍ തന്നെ ഗൗരവതരത്തില്‍ സമീപിച്ചിട്ടില്ലെങ്കില്‍ എന്റെ വാക്ക് കുറിച്ചുവെച്ചോളൂ, ഭാവിയിലെ യുദ്ധക്കളമാകും ഇത്’, അദ്ദേഹം പറഞ്ഞു.

ലബനാനില്‍ പേജര്‍, വാക്കിടോക്കി ആക്രമണത്തില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. 3000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് പകരം ഹിസ്ബുള്ള പ്രവര്‍ത്തകര്‍ വാര്‍ത്തവിനിമയത്തിന് ഉപയോഗിച്ച പേജറുകളും വാക്കി ടോക്കികളുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ കൂട്ടമായി പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ ഗാസ വംശഹത്യ ആരംഭിച്ചതിനു പിന്നാലെ ലെബനാനില്‍നിന്ന് ഹിസ്ബുള്ളയും തിരിച്ച് ഇസ്രായേലും ആക്രമണം തുടരുന്നുണ്ട്. ലെബനാനില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഹിസ്ബുള്ള കമാന്‍ഡര്‍ ഫുആദ് ശുക്ര്‍ ഉള്‍പ്പെടെ പ്രമുഖരും കൊല്ലപ്പെട്ടവരില്‍ പെടും.