Wed. Jan 22nd, 2025

 

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. അപ്പന്റെ മൃതദേഹം പള്ളിയില്‍ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും പറഞ്ഞ് മകള്‍ ആശ ബഹളമുണ്ടാക്കി.

ആശ ലോറന്‍സും അവരുടെ മകനും മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളമടക്കം ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചു.

സിപിഎം മൂര്‍ദാബാദ് എന്ന മുദ്രാവാക്യം വിളികളോടെ മൃതദേഹത്തിന് അടുത്തിരുന്ന് പ്രതിഷേധിച്ച ആശയെയും മകനെയും പൊലീസ് ബലമായി ഇടപെട്ട് പിടിച്ചുമാറ്റി. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ആശ തടഞ്ഞതോടെയാണ് പൊലീസ് ഇടപെട്ടത്. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ശനിയാഴ്ചയാണ് ലോറന്‍സ് അന്തരിച്ചത്. ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറുന്നതിനെ എതിര്‍ത്ത് മകള്‍ ആശ ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി മൃതദേഹം തല്‍കാലം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഉത്തരവിട്ടത്.

കേരള അനാട്ടമി നിയമ പ്രകാരം വിഷയത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് മറ്റു നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുപ്രകാരം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് മകള്‍ പ്രതിഷേധിച്ചത്.