ചെന്നൈ: തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി വിതരണ കമ്പനി. തമിഴ്‌നാട് ദിണ്ഡിഗല്‍ ആസ്ഥാനമായുള്ള എആര്‍ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് വിതരണം ചെയ്ത നെയ്യിനെതിരെയാണ് ആരോപണം ഉയര്‍ന്നത്.
കമ്പനിക്കെതിരായ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് കമ്പനിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ കണ്ണന്‍ പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്വം അധികൃതര്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വിശദീകരണം വരുന്നത്.
മത്സ്യ എണ്ണക്ക് നെയ്യിനേക്കാള്‍ വില കൂടുതലാണെന്ന് കണ്ണന്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തില്‍ മായം ചേര്‍ത്താല്‍ അത് മണം കൊണ്ടുതന്നെ മനസ്സിലാക്കാന്‍ സാധിക്കും. സസ്യ എണ്ണ മുതല്‍ മൃഗങ്ങളുടെ കൊഴുപ്പ് വരെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ ഞങ്ങളുടെ ബിസിനസിനെ വലിയരീതിയില്‍ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1998 മുതല്‍ കമ്പനി നെയ്യ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിനായി ഉപയോഗിക്കുന്ന പാലില്‍ 102 ഗുണനിലവാര പരിശോധനകളാണ് നടത്തുന്നത്. തിരുപ്പതിയിലേക്ക് അയക്കും മുമ്പ് ദേശീയ തലത്തിലുള്ള ലബോറട്ടറികളില്‍ നെയ്യിന്റെ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. തുടര്‍ന്ന് തിരുപ്പതി ദേവസ്വം അധികാരികളും ഇത് പരിശോധിക്കും. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ആരോപണം വരുന്നതെന്നും കണ്ണന്‍ പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ അവ ഉടനടി ഒഴിവാക്കാറുണ്ട്. തിരുപ്പതി ദേവസ്വം അധികൃതര്‍ കമ്പനിയില്‍ വന്ന് പരിശോധിച്ച ശേഷമാണ് നെയ്യ് വിതരണം ചെയ്യാന്‍ അനുമതി നല്‍കിയത്. ദേവസ്വത്തിന് ആവശ്യം വരുന്ന നെയ്യിന്റെ കുറഞ്ഞ ശതമാനം മാത്രമാണ് ഞങ്ങള്‍ നല്‍കുന്നത്.
തിരുപ്പതിയിലേക്ക് നെയ്യ് നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അത് ഞങ്ങള്‍ക്കൊരു ബിസിനസ് മാത്രമല്ല, അതൊരു അനുഗ്രഹവും ബഹുമതിയുമാണെന്നും കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.
തിരുപ്പതിയില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡ്ഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവര്‍ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോള്‍ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.