Sun. Sep 22nd, 2024

 

മലപ്പുറം: ഇടത് എംഎല്‍എ പിവി അന്‍വറെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നിലമ്പൂര്‍ നേതൃത്വം. ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വറിനെ ലീഗിലേയ്ക്ക് ക്ഷണിച്ചത്. അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്റെ നന്മക്കായി ഒന്നിച്ച് പോരാടാമെന്നും ഇക്ബാല്‍ മുണ്ടേരി പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കാത്തതില്‍ അന്‍വറിന് നിരാശയുണ്ട്. സ്വാതന്ത്ര്യ സമരസേനാനി ഷൗക്കത്തലി സാഹിബിന്റെ മകനായ പിവി അന്‍വറിന്റെ യഥാര്‍ഥ മുഖമാണ് പിണറായി വിജയന്‍ കാണേണ്ടത്. ഈ ദുഷ്ടശക്തികള്‍ക്കെതിരെ, നാടിന്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും ഇക്ബാല്‍ മുണ്ടേരി പറയുന്നു.

ഈ ഭരണം സംഘ് പരിവാറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എല്ലാതരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി മുസ്‌ലിം ലീഗും യുഡിഎഫും പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്. ഈ നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്‍ക്കാന്‍ പഴയ കോണ്‍ഗ്രസുകാരനായ അന്‍വര്‍ തയാറാവുന്ന ഘട്ടത്തിന് സമയമാവുകയാണെന്നും ഇക്ബാല്‍ മുണ്ടേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അന്‍വറിനെ സ്വാഗതം ചെയ്തുള്ള പോസ്റ്റ് വാര്‍ത്തയായതിന് പിന്നാലെ ഇക്ബാല്‍ മുണ്ടേരി പോസ്റ്റ് പിന്‍വലിച്ചു. ഇഖ്ബാല്‍ മുണ്ടേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീറും വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

PV അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാന്‍ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്.

അന്‍വര്‍ പെട്ടെന്ന് ആര്‍ക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കില്‍ തന്റെ മുന്നില്‍ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്.

ഇപ്പോ രണ്ട് ഘട്ടം കഴിഞ്ഞു.

1. മുഖ്യമന്ത്രിയില്‍ വലിയ വിശ്വാസമുണ്ടായിരുന്ന അന്‍വറിന്റെ യുദ്ധപ്രഖ്യാപന ഘട്ടം.

2. മുഖ്യമന്ത്രിയെ മറ്റുള്ളവര്‍ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതില്‍ അന്‍വറിന് ചെറിയ നിരാശ തോന്നുന്നുണ്ട്.

ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം.

യഥാര്‍ത്ഥ പിണറായി വിജയന്‍ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്.

പിണറായിയും, ശശിയും, MR അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം.

പിന്നെയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിന്റെ മകന്‍ പിവി അന്‍വറിന്റെ യഥാര്‍ത്ഥ മുഖം പിണറായി കാണേണ്ടത്.

ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്‍ക്കാന്‍ പഴയ കോണ്‍ഗ്രസ് കാരനായ അന്‍വര്‍ തയ്യാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാവുക.

ഈ ദുഷ്ടശക്തികള്‍ക്കെതിരെ, നാടിന്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം, !