തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പിവി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പിവി അന്‍വര്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. പരാതി പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കുന്ന സാഹചര്യത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
സര്‍ക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ പിവി അന്‍വര്‍ ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒപ്പമുള്ള എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ ചെയ്യേണ്ടിയിരുന്നത് പ്രശ്‌നം പാര്‍ട്ടിയുടെയും തന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അതിനുശേഷം മതിയായിരുന്നു പരസ്യ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പിവി അന്‍വറും പത്രസമ്മേളനം വിളിച്ചു. മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്. അദ്ദേഹം പുനപരിശോധന നടത്തണം. പാര്‍ട്ടിക്ക് തന്നെ വേണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്റെവഴി നോക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.