Wed. Jan 22nd, 2025

 

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവും തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വിഎസ് സുനില്‍കുമാര്‍. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാകില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ല. കാണാതെ പ്രതികരിക്കാനാവില്ലെന്നാണ് ഇപ്പോഴും പറയാനുള്ളത്. പൂരം കലക്കിയതിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 1200 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. അതിനാല്‍, കാര്യം വ്യക്തമായി മനസ്സിലാക്കാതെ പറയാനാകില്ലെന്നും’ സുനില്‍കുമാര്‍ വ്യക്തമാക്കി.

പൂരം അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന വാദം തിരുവമ്പാടി ദേവസ്വം പ്രതിനിധി കെ ഗിരീഷ് കുമാറും തള്ളി. ‘പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരണമെന്ന് നേരത്തെ ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 10-15 കൊല്ലം പൂരം നടത്തിയ ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ട്.

പൂര ദിവസം 12 മണി വരെയാണ് പ്രദര്‍ശനഗരിയില്‍ ടിക്കറ്റ് നല്‍കുക. ഇത്, പത്തുമണിയോടെ അടച്ച് ഇനി ആരും കയറേണ്ടതില്ലെന്ന് പറഞ്ഞു. പൂരപ്പറമ്പില്‍ ആനകള്‍ വന്ന് നില്‍ക്കുമ്പോഴാണ് ആനകളെ പരിശോധിക്കണമെന്ന നിര്‍ദേശം വരുന്നത്. എല്ലാ ഫിറ്റ്‌നസും കിട്ടിയ ആനകളെ മാത്രമാണ് പൂരത്തിന് എഴുന്നള്ളിപ്പിക്കാറ്. ഇതെല്ലാം ബുദ്ധിമുട്ടിക്കുന്നത് സംഘാടകരെയാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. ബോധപൂര്‍വമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടാണ് റിപ്പോര്‍ട്ട്.

പൂരം ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് വീഴ്ച പറ്റി. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നും എഡിജിപി എംആര്‍ അജിത്കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.