Wed. Jan 22nd, 2025

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ ജലാശയത്തിൽ വീണ് കാണാതായ കുട്ടിക്കായി അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിൽ പുനരാരംഭിച്ചു. ഇടുക്കി, കട്ടപ്പന, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്കൂബ സംഘമാണ് തിരച്ചിൽ നടത്തുന്നത്. 

ഇടുക്കി ഡാമിൻ്റെ ഭാഗമായ അഞ്ചുരുളി ജലാശയത്തിലും ഇരട്ടയാർ ജലാശയത്തിലുമാണ് തിരച്ചിൽ. ഓണാവധി ആഘോഷിക്കാൻ തറവാട് വീട്ടിലെത്തിയ സഹോദരങ്ങളുടെ മക്കൾ ഇരട്ടയാർ ജലാശയത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഒഴുക്കിൽപെട്ട കുട്ടികളിൽ ഒരാളെ ഉടൻതന്നെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ – രജിത ദമ്പതികളുടെ മകൻ അതുൽ ഹർഷ് ആണ് മരിച്ചത്.

ഓണാഘോഷത്തിനായി ഇരട്ടയാറിലെ അമ്മ വീട്ടിൽ എത്തിയതാണ് അതുൽ. ഉപ്പുതറയിൽ താമസിക്കുന്ന മൈലാടുംപാറ രതീഷ് സൗമ്യ ദമ്പതികളുടെ മകൻ അപ്പുവിനായി തിരച്ചിൽ തുടരുകയാണ്. അഞ്ചുരുളി ഭാഗത്തേക്ക് ഒഴുക്കുള്ള സമയമായതിനാൽ ഇടുക്കി ഡാമിന്റെ ഭാഗമായ അഞ്ചുരുളി തുരങ്കമുഖത്തും ജലാശയത്തിലും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.