Mon. Dec 23rd, 2024

ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡുവിൽ മൃഗക്കൊഴുപ്പിൻ്റെ സാന്നിധ്യമുണ്ടെന്ന ആരോപണം ശരിയാണെന്ന് സ്ഥിരീകരിച്ചു. 

വൈ എസ് ആർ ജഗൻ മോഹൻ റെഡി സർക്കാരിൻ്റെ കാലത്ത് കരാറുകാർ വിതരണം ചെയ്ത നെയ്യിൽ പന്നിയുടെയും പശുവിൻ്റെയും അടക്കമുള്ള നെയ്യിന്‍റെ സാന്നിധ്യമാണ് നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡ് ലാബിലെ പരിശോധനയിൽ കണ്ടെത്തിയത്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ബുധനാഴ്ച വൈ എസ് ആർ കോൺഗ്രസിൻ്റെ ഭരണകാലത്ത് വാങ്ങിയ നെയ്യിൽ മൃഗക്കൊഴുപ്പിൻ്റെ സാന്നിധ്യം ഉണ്ടെന്ന ആരോപണം ആദ്യം ഉന്നയിക്കുന്നത്. 

എന്നാൽ ആരോപണത്തോട് അതിരൂക്ഷമായാണ് വൈ എസ് ആർ കോൺഗ്രസ് പ്രതികരിച്ചത്. ഇതോടെ ആന്ധ്ര സർക്കാർ കഴിഞ്ഞ ജൂണിൽ നടത്തിയ പരിശോധന ഫലം പുറത്തു വിട്ടു. നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡിൻ്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് പന്നിയുടെയും പശുവിൻ്റെയും കൊഴുപ്പ്,വനസ്പതി തുടങ്ങിയ വസ്തുക്കളുടെ സാന്നിധ്യം ലഡു നിർമ്മാണത്തിനായി എത്തിച്ച നെയ്യിൽ കണ്ടെത്തിയത്.

ഇതോടെ വൈഎസ്ആർ കോൺഗ്രസും ജഗൻ മോഹൻ റെഡിയും പ്രതിരോധത്തിലായിരിക്കുകയാണ്. ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിനായി കാലങ്ങളായി നെയ് വിതരണം ചെയ്തിരുന്നത് കർണാടകയിലെ സഹകരണ സ്ഥാപനമായ നന്ദിനിയായിരുന്നു. കഴിഞ്ഞ വർഷം ജഗൻ മോഹൻ റെഡി സർക്കാർ മഹാരാഷ്ട്രയിൽ നിന്നുള്ള സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി. ഇവർ വിതരണം ചെയ്ത നെയ്യിലാണ് മൃഗക്കൊഴുപ്പിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.