Sun. Dec 22nd, 2024

തിരുവനന്തപുരം: ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ.

സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രത്യേക ഇളവ് നൽകാനുള്ള തീരുമാനമാണ് മരവിപ്പിക്കപ്പെട്ടത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ചതെന്നാണ് വിമർശനം.

ഇളവിന് അർഹതയുള്ളവരുടെ പട്ടിക സൂക്ഷ്മപരിശോധന നടത്താൻ ആറു മാസത്തേക്കു നിയോഗിച്ച ഉദ്യോഗസ്ഥ സമിതികൾ നാലരമാസമായിട്ടും യോഗം ചേർന്നിട്ടു പോലുമില്ല. ആഭ്യന്തരം, നിയമം, ജയിൽ വകുപ്പുകളിലെ മൂന്ന് ഉന്നതോദ്യോഗസ്ഥർ വീതമുള്ള രണ്ടു സമിതികളെ മേയ് 4നാണു നിശ്ചയിച്ചത്. ആദ്യഘട്ടമായി ജയിലുകളോടു മാനദണ്ഡപ്രകാരം പട്ടിക പുതുക്കി നൽകാൻ ആവശ്യപ്പെട്ടു. ടിപി കേസ് കുറ്റവാളികളായ ടി കെ രജീഷ്, കെ കെ മുഹമ്മദ് ഷാഫി, എസ് സജിത്ത് എന്നിവരെയും ഉൾപ്പെടുത്തിയാണു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജൂണിൽ പട്ടിക നൽകിയത്. ഇവരുടെ പോലീസ് റിപ്പോർട്ട് തേടി ജയിലിൽനിന്ന് അയച്ച കത്തു പക്ഷേ ചോർന്നു. 

അതോടെയാണ് ഇവർ കരട് പട്ടികയിൽ ഉൾപ്പെട്ട വിവരം പുറത്തായതും വൻ വിവാദമായതും. രജീഷും ഷാഫിയും സജിത്തും ഉൾപ്പെടെ 9 പ്രതികൾക്ക് 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കാതെ ഇളവ് അനുവദിക്കരുതെന്നു ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രജീഷും ഷാഫിയും ഉൾപ്പെടെ 6 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിക്കുകയും ചെയ്തിരുന്നു. 

ക്വട്ടേഷൻ കൊലപാതകം നടത്തിയവർക്കു പ്രത്യേക ഇളവു നൽകരുതെന്ന മാനദണ്ഡം മറികടന്ന് ഇവർ മുൻപും കരട് പട്ടികയിൽ ഇടം പിടിച്ചെന്ന വിവരവും പുറത്തുവന്നു. ടിപി കേസ് കുറ്റവാളികളെ മാനദണ്ഡപ്രകാരമല്ല ഉൾപ്പെടുത്തിയതെന്നു സമ്മതിച്ച സർക്കാർ ജയിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി. ജോയിന്റ് സൂപ്രണ്ട് ഉൾപ്പെടെ മൂന്നു പേരെ സസ്പെൻഡ് ചെയ്ത് ഇവർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.