Tue. Oct 8th, 2024

 

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ മുന്‍ഗവേഷകന്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിക്കാത്തത് അവര്‍ മുസ്ലിമായതിനാലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്. ജാമ്യം ഒരു നിയമമാണെന്നും അതേസമയം ജയില്‍ ജീവിതം ഒഴിവാക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകളെ ജയിലില്‍ നിന്നും കുടുംബത്തോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നത് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. അക്കാരണത്താലാണ് അവര്‍ക്ക് ജാമ്യം ലഭിക്കാത്തത്. മുസ്ലിങ്ങള്‍ക്ക് മാത്രം ജാമ്യം ഒഴിവാക്കപ്പെടുന്നതെന്ത് കൊണ്ടാണ്,’ അദ്ദേഹം ചോദിച്ചു.

സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ 2019-2020 വര്‍ഷങ്ങളിലായി അറസ്റ്റ് ചെയ്തതിന്റെ നാലാം വാര്‍ഷിക ദിവസം അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ വച്ചാണ് ആര്‍എസ്എസിനെ കുറിച്ചും അവരുടെ മുസ്ലിം വിരുദ്ധ നിലപാടുകളെ കുറിച്ചും ദിഗ്വിജയ് സിങ്ങ് സംസാരിച്ചത്.

ജര്‍മനിയില്‍ ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതന്മാരെ ലക്ഷ്യം വെച്ചതിന് സമാനമായാണ് ഇന്ത്യയില്‍ മുസ്ലീങ്ങളെ ആര്‍എസ്എസ് ഉപദ്രവിക്കുന്നതെന്നും ദിഗ്വിജയ് സിങ്ങ് പറഞ്ഞു. താന്‍ വരുന്നത് ആര്‍എസ്എസിനെ നഴ്സറിയായി കാണുന്ന സ്ഥലത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് വളരെ നന്നായി അവരെ അറിയാം. അവര്‍ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നവരല്ല. ഹിറ്റ്ലര്‍ ജൂതന്മാരെ ലക്ഷ്യമാക്കിയത് പോലെ അവര്‍ ലക്ഷ്യമാക്കിയത് മുസ്ലീങ്ങളെയാണ്. പ്രത്യയശാസ്ത്രങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന ഇത്തരം പ്രവണതകള്‍ ജനാധിപത്യത്തിന് ദോഷകരമാവും,’ ദിഗ്വിജയ് സിങ്ങ് പറഞ്ഞു.

ഇതിന് പിന്നാലെ ആര്‍എസ്എസ് ഒരു അനൗദ്യോഗിക സംഘടനയാണെന്നും അതിന് അംഗത്വമോ അക്കൗണ്ടോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘടനയില്‍ അംഗമായ നാഥുറാം ഗോഡ്സെയെ പോലെ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ അവരെ ആര്‍എസ്എസ് തങ്ങളുടെ ഭാഗമായി അംഗീകരിക്കില്ലെന്നും എല്ലായിടത്തും കടന്നുകയറാന്‍ അവര്‍ മടിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 53 പേരുടെ മരണത്തിനിടയായ കലാപത്തിന്റെ നേതാക്കളാണെന്നാരോപിച്ചാണ് ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ളവരെ യുഎപിഎ ചുമത്തി ജയിലില്‍ അടക്കുന്നത്. പൗരത്വ നിയമത്തിനെതിരായ സംഘര്‍ഷത്തോടനുബന്ധിച്ചാണ് ഡല്‍ഹിയില്‍ കലാപം ഉണ്ടായത്.