Fri. Sep 20th, 2024

 

ചെന്നൈ: ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഡിഎംകെയിലെ തലമുറമാറ്റം കൂടിയാണ് തീരുമാനത്തിലൂടെ നടപ്പാകുന്നത്. നിലവില്‍ കായിക- യുവജനക്ഷേമ മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍

മൂന്ന് വര്‍ഷം മുന്‍പ് വെള്ളിത്തിര വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ ഉദയനിധി സ്റ്റാലിന്‍, ഡിഎംകെയുടെ നേതൃപദവിയിലേക്ക് എത്തുന്നതിന്റെ ആദ്യ പടിയാണ് ഉപമുഖ്യമന്ത്രി പദം. നിര്‍മ്മാതാവായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച് അദ്ദേഹം പിന്നീട് നടനായും തിളങ്ങി.

നേരത്തെ ഓഗസ്റ്റ് 22ന് മുമ്പ് ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയില്‍ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിന്‍ അതെല്ലാം തള്ളുകയായിരുന്നു.

15 വര്‍ഷം മുന്‍പ് കരുണാനിധി, സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് സമാനമാണ് ഉദയനിധിയുടെയും രംഗപ്രവേശം. പാര്‍ട്ടി തീരുമാനം സ്ഥിരീകരിക്കുന്ന രീതിയിലുള്ള മറുപടിയാണ് മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി സ്റ്റാലിന്‍ നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സ്റ്റാലിനെ ഭരണകാര്യങ്ങളില്‍ സഹായിക്കുക കൂടി നീക്കത്തിനു പിന്നിലുണ്ട്.