ബെയ്‌റൂത്ത്: ലെബനാനില്‍ ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ ഇസ്രായേല്‍ ചാര ഏജന്‍സിയായ മൊസാദ് ആണെന്ന് ഹിസ്ബുള്ള. 5000 പേജറുകളാണ് ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയത്.
ലബനാനില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇതില്‍ കൃത്രിമം നടന്നെന്നാണ് വിവരം. തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരിലുള്ള പേജറുകളാണ് പൊട്ടിത്തെറിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങള്‍ ഇസ്രായേല്‍ നടത്തിയിരുന്നുവെന്നാണ് സൂചന. 2024 മാര്‍ച്ചിനും മെയിനും ഇടക്കാണ് പേജറുകള്‍ ലെബനാനിലെത്തുന്നത്.
എപി924 എന്ന മോഡലാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. സന്ദേശങ്ങള്‍ അയക്കാനും വായിക്കാനും സാധിക്കുന്ന ഈ പേജര്‍ ഉപയോഗിച്ച് ഫോണ്‍ വിളിക്കാന്‍ സാധ്യമല്ല.
ഇസ്രായേലിന്റെ നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഹിസ്ബുല്ല ആശയവിനിമയത്തിന് പേജറുകള്‍ ഉപയോഗിക്കുന്നത്. പേജറുകള്‍ നിര്‍മിക്കുന്ന സമയത്ത് തന്നെ മൊസാദ് കൃത്രിമത്വം കാണിച്ചിട്ടുണ്ടാകുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പേജറുകളില്‍ മൂന്ന് ഗ്രാം സ്‌ഫോടകവസ്തുവാണ് സൂക്ഷിച്ചതെന്നും മാസങ്ങളോളം ഇത് ഹിസ്ബുല്ലക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ലബനാനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.
1996ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം.
പെന്ററിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (PETN) എന്നറിയപ്പെടുന്ന സ്ഫോടനാത്മക വസ്തുക്കള്‍ ഉപകരണങ്ങളുടെ ബാറ്ററികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും താപനില വര്‍ദ്ധിപ്പിച്ചതിലൂടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നുമാണ് ഒരു ബ്രിട്ടീഷ് മാധ്യമത്തെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ബാറ്ററികള്‍ അമിതമായി ചൂടാകുന്നതുമായി പൊരുത്തപ്പെടാത്ത സ്ഫോടനങ്ങളുടെ ദൃശ്യങ്ങള്‍ അതിന് സാധ്യതയില്ലെന്ന് മറ്റു ചില വിദഗ്ധര്‍ പറയുന്നു.
വിതരണ ശൃംഖലയില്‍ നടന്ന നുഴഞ്ഞുകയറ്റമാണെന്നാണ് മറ്റൊരു അഭിപ്രായം. പേജറുകളുടെ നിര്‍മ്മാണത്തിനിടയിലോ ട്രാന്‍സിറ്റിനിടെയോ ഏതെങ്കിലും തരത്തിലുള്ള ഇടപെടലകള്‍ നടന്നിരിക്കാമെന്നാണ് ഇവര്‍ പറയുന്നത്. വിതരണ ശൃംഖല ആക്രമണങ്ങള്‍ സൈബര്‍ സുരക്ഷാ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ആശങ്ക കൂടിയാണ്.
10 മുതല്‍ 20 ഗ്രാം വരെ സ്‌ഫോടകവസ്തുക്കള്‍ ഇലക്ട്രോണിക് ഘടകത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കാമെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു മുന്‍ ബ്രിട്ടീഷ് ആര്‍മി യുദ്ധോപകരണ വിദഗ്ധനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.