Sun. Nov 24th, 2024

 

കൊച്ചി: ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന കൂട്ടായ്മയുടെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് താന്‍ യോജിക്കുന്നു എന്നും എന്നാല്‍ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി അറിയിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

തന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു. ‘മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല,’ ലിജോ ജോസ് പറയുന്നു.

സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന പേരില്‍ പുതിയ സംഘടന വരുന്നത്. സംവിധായിക അഞ്ജലി മേനോന്‍, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരും നേതൃനിരയിലുണ്ട്. സംഘടനയ്ക്കായി ആദ്യഘട്ട ചര്‍ച്ച നടത്തിയവരുടെ നിരയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.

തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തിലുണ്ട്.