ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും പൂജയും സംബന്ധിച്ച വിവാദത്തില്‍ പരോക്ഷ വിമര്‍ശനവുമായി വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോഹ്ലി. വിശ്വാസവും ആത്മീയതയും സ്വകാര്യതയാണെന്നും പൊതുസമൂഹത്തിന് മുന്നില്‍ ജഡ്ജിമാര്‍ മതവിശ്വാസം വ്യക്തമാക്കരുതെന്നും ഹിമ കോഹ്ലി പറഞ്ഞു. ബാര്‍ ആന്‍ഡ് ബെഞ്ചിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പ്രതികരണം.
‘ജഡ്ജിമാര്‍ പൊതുമധ്യത്തില്‍ മതപരമായ വിശ്വാസകാര്യങ്ങള്‍ വെളിപ്പെടുത്തരുത്. വിശ്വാസവും ആത്മീയതയും മതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നാണ് ഞാന്‍ കരുതുന്നത്. ന്യായാധിപരുടെ മതവിശ്വാസം അവരുടെ നാല് ചുമരുകള്‍ക്കുള്ളില്‍ നില്‍ക്കണമെന്നും അത് ഔദ്യോഗിക ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും’ ഹിമ കോഹ്ലി പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വീട്ടില്‍ നടന്ന ഗണേശ ചതുര്‍ഥി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതിനു പിന്നാലെയാണ് ഹിമ കോഹ്ലിയുടെ പ്രതികരണം.
‘പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നാല്‍ പൊതുമധ്യത്തിലുള്ള കാര്യങ്ങള്‍ വ്യത്യസ്ത സാമൂഹിക വര്‍ഗങ്ങളിലുള്ള ആളുകള്‍ ഉള്‍ക്കൊള്ളണമെന്നാണ്. ഒരു ജഡ്ജിയുടെ വ്യക്തിപരമായ താല്പര്യങ്ങളും നിലപാടും നീതിന്യായ നിര്‍വഹണത്തെ ബാധിക്കുമെന്ന തോന്നല്‍ പൊതുസമൂഹത്തിന് നല്‍കരുത്. പൊതുമധ്യത്തില്‍ നീതിന്യായസംവിധാനവും ഭരണകൂടവും സംവദിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. അത് നീതിനിര്‍വഹണത്തിന്റെ ഭാഗമാണെന്നും’ ഹിമ കോഹ്ലി പറഞ്ഞു.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ തന്റെ മേല്‍ സ്വാധീനം ചലുത്താന്‍ ആരും ശ്രമിച്ചിട്ടില്ല എന്നും അതിനുള്ള ഇടം താന്‍ ആര്‍ക്കും നല്‍കിയിരുന്നില്ല എന്നും ഹിമ കോഹ്ലി പറയുന്നു. പലരും നേരിട്ടല്ലാതെ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും, അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് തങ്ങളെ സമീപിക്കാന്‍ സാധിക്കില്ല എന്നുറപ്പാക്കുമെന്നും അവര്‍ പറയുന്നു.
ഉച്ചഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോള്‍ പോലും താന്‍ സഹജഡ്ജിമാരുമായി ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന കേസിനെ കുറിച്ച് സംസാരിക്കാറില്ലെന്നും ആ വിഷയം തങ്ങളുടെ ബെഞ്ചില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതാണെന്നും ഹിമ കോഹ്ലി പറഞ്ഞു. സ്വര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്ര നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ച ജഡ്ജി കൂടിയാണ് ജസ്റ്റിസ് ഹിമ കോഹ്ലി.