ബെയ്‌റൂത്ത്: ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു.
പൊട്ടിത്തെറിച്ച പേജറുകള്‍ (ചെറിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍. പേജറിലൂടെ ഒരാള്‍ മറ്റൊരാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് അറിയിക്കുന്നതിന് റേഡിയോ തരംഗങ്ങളിലൂടെ ഡിജിറ്റല്‍ സിഗ്‌നലുകള്‍ അയയ്ക്കുന്നു. ചെറിയ ടെക്സ്റ്റ് മെസേജുകളും ഈ ഉപകരണത്തിലൂടെ അയയ്ക്കാന്‍ കഴിയും) തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണെന്ന് കണ്ടെത്തി.
‘ഗോള്‍ഡ് അപ്പോളോ’ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നെന്നും ലബനാനില്‍ എത്തുന്നതിന് മുമ്പ് കൃത്രിമം നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദേശങ്ങള്‍ അയക്കാന്‍ പേജറുകളാണ് ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിക്കുന്നത്. കമ്പനിയുടെ AP 924 മോഡല്‍ പേജറുകളായിരുന്നു ഇത്തവണ കൊണ്ടുവന്നതില്‍ അധികവും. ഒപ്പം മറ്റ് മൂന്ന് മോഡലുകളും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ പേജറിലും ബാറ്ററിയുടെ അടുത്തായി ഒന്ന് മുതല്‍ രണ്ട് ഔണ്‍സ് (ഏകദേശം 30 മുതല്‍ 60 ഗ്രാം വരെ) സ്‌ഫോടകവസ്തുക്കളും വിദൂരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഡിറ്റണേറ്ററും ഒളിപ്പിച്ചിരുന്നതായി രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല നേരത്തെ ഗ്രൂപ്പിലെ അംഗങ്ങള്‍ സെല്‍ഫോണുകള്‍ കൈവശം വെക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് സുക്ഷ്മ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേല്‍ ശ്രമിക്കുമെന്നതിലായിരുന്നു ഇത്. പേജര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയര്‍ലെസ് ഉപകരണങ്ങളുടെ ഉപയോഗം ഉടന്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ബെയ്‌റൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും ഒരേസമയം സ്ഫോടനങ്ങളുണ്ടായത്. ലബനാനിലെ ഇറാന്‍ അംബാസഡര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കടയിലും റോഡിലും ആശുപത്രിയിലും നില്‍ക്കുന്നവരുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് പേജര്‍ പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലബനാനിലെ ഇറാന്‍ അംബാസഡറായ മുജ്തബ അമാനിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോള്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍തന്നെയാണെന്ന് വ്യക്തമായെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ‘ഫലസ്തീനുള്ള പിന്തുണ തുടരും. ഇസ്രായേല്‍ നടപടിക്ക് തീര്‍ച്ചയായും ശിക്ഷ നല്‍കും’, ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇത് ഇസ്രായേല്‍ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നും ലബനാന്‍ മന്ത്രിസഭ അഭിപ്രായപ്പെട്ടു. ആക്രമണം അന്താരാഷ്ട്ര സമൂഹം നോക്കിനില്‍ക്കരുതെന്ന് വാര്‍ത്ത വിനിമയ മന്ത്രി സിയാദ് മകരി പറഞ്ഞു.