ന്യൂഡല്‍ഹി: രാജ്യത്ത് ബുള്‍ഡോസര്‍രാജിന് താല്‍ക്കാലികമായി തടയിട്ട് സുപ്രീം കോടതി. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കരുതെന്നാണ് മുന്നറിയിപ്പ്. പൊതുറോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ബുള്‍ഡോസര്‍രാജിനെതിരായ ഹരജികള്‍ ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. അതുവരെയാണ് ബുള്‍ഡോസര്‍രാജ് വിലക്കിയിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും കൈയേറ്റവും ആരോപിച്ച് വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കല്‍ തുടര്‍ക്കഥയായതോടെയാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. നേരത്തെ വിഷയം പരിഗണിച്ചപ്പോഴും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
നിയമപരമമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കലുകള്‍ നല്ലതല്ലെന്ന് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാന്‍ഷു ദൂലിയ, എസ്വിഎന്‍ ഭാട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിരീക്ഷിച്ചത്. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് നേരെയാണ് ബുള്‍ഡോസര്‍ ഓടിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിയമം അനുസരിച്ച് വേണം രാജ്യത്ത് സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കാന്‍. കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കാനാവില്ല. നിയമപരമായി നിര്‍മിച്ച കെട്ടിടം പൊളിക്കാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിച്ചിരുന്നു.