മലപ്പുറം: മലപ്പുറത്തെ നിപ രോഗ വ്യാപനത്തോടനുബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുള്ള 13 പേരുടെ സാമ്പിള്‍ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
175 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുമെന്നും നിപ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കേരളത്തിന് എയിംസ് വേണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
‘രോഗ വ്യാപനമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കും. രോഗ വ്യാപനത്തിന് സാധ്യത കുറവാണ്. മരിച്ച യുവാവ് ബെംഗളൂരുവിലാണ് പഠിച്ചത്. കര്‍ണാടക സര്‍ക്കാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും’ മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഒരു യുവാവിന് മങ്കിപോക്‌സ് രോഗബാധയുള്ളതായി സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ഇദ്ദേഹം നിലവില്‍ മഞ്ചേരി ആശുപത്രിയിലാണുള്ളത്. യുവാവ് തുടക്കം മുതല്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നെന്നും മന്ത്രി പറഞ്ഞു.