Mon. Dec 23rd, 2024

 

ലക്‌നൗ: ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസിന് പച്ചക്കൊടി കാണിക്കാനുള്ള തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയ റെയില്‍വേ ട്രാക്കില്‍ വീണു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വൈകുന്നേരം ആറു മണിയോടെ ട്രെയിന്‍ തുണ്ട്‌ലയില്‍ എത്തിയപ്പോള്‍ തിരക്കേറിയ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. 61 കാരിയായ ബിജെപി എംഎല്‍എ പച്ചക്കൊടി പിടിച്ച് ഒരു കൂട്ടം ആളുകളുടെ ഇടയില്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ട്രെയിനിന്റെ വെര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെ ആഗ്രയില്‍നിന്ന് റെയില്‍വേ മന്ത്രി രവ്നീത് സിങ് ബിട്ടു ഫ്‌ലാഗ് ഓഫ് ചെയ്തു. ഇറ്റാവ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പ് ട്രെയിന്‍ തുണ്ട്‌ലയില്‍ നിര്‍ത്തി.

സമാജ്വാദി പാര്‍ട്ടി എംപി ജിതേന്ദ്ര ദൗവാരെ, മുന്‍ ബിജെപി എംപി രാം ശങ്കര്‍, നിലവിലെ എംഎല്‍എ സരിതാ ബദൗരിയ എന്നിവരുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ ഫ്‌ലാഗ് ഓഫില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയതോടെ തിരക്ക് വര്‍ധിച്ചു.

ട്രെയിന്‍ പുറപ്പെടുന്നതിന്റെ സൂചന നല്‍കിയ ഉടന്‍ തടിച്ചുകൂടിയവരുമായുണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എ പ്ലാറ്റ്ഫോമില്‍നിന്ന് ട്രെയിനിന് തൊട്ടുമുന്നിലെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

സമീപത്തുടണ്ടായിരുന്നവര്‍ യഥാസമയം ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബദൗരിയയെ ഉടന്‍ തന്നെ പൊലീസ് ട്രാക്കില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.