Thu. Jan 23rd, 2025

പനി, ചര്‍ദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദേശം തേടണം, പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ തുടങ്ങിയവ കടിച്ചതോ മരത്തില്‍ നിന്ന് താഴെ വീണുകിടക്കുന്നതോ ആയ പഴങ്ങള്‍ കഴിക്കാന്‍ പാടില്ല

ടവേളക്ക് ശേഷം വീണ്ടും നിപ വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജാഗ്രതയിലാണ് കേരളം. കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച മലപ്പുറം വണ്ടൂര്‍ സ്വദേശിയായ 24 കാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. യുവാവിന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകളിലാണ് നിയന്ത്രണം. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച ബെംഗളൂരുവില്‍ വിദ്യാര്‍ഥി കൂടിയായ 24 വയസ്സുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

ഈ മാസം ഒമ്പത്‌നാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് മരിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വഴി ലഭ്യമായ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയും പരിശോധനാ ഫലം പോസിറ്റീവായതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചപ്പോള്‍ മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിരുന്നു. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Kerala Introduces Mobile Dialysis Units Health Minister Veena George Announces
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  Screengrab, Copyright: Manorama News

സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയക്കുകയായിരുന്നു.

യുവാവിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതല യോഗം ചേര്‍ന്നിരുന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയും 16 കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ പരമാവധി കൂട്ടം കൂടന്നത് ഒഴിവാക്കണം, പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂള്‍ പ്രവൃത്തി സമയങ്ങളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, കല്യാണം, മരണം, മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം, പനി, ചര്‍ദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദേശം തേടണം, പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ തുടങ്ങിയവ കടിച്ചതോ മരത്തില്‍ നിന്ന് താഴെ വീണുകിടക്കുന്നതോ ആയ പഴങ്ങള്‍ കഴിക്കാന്‍ പാടില്ല, പഴം, പച്ചക്കറി എന്നിവ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക, പനി, ചര്‍ദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും രോഗം പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483- 2732010, 0483-2732050, എന്നീ നമ്പരുകളില്‍ വിളിച്ച് അറിയിക്കുകയും ചെയ്യുക.

പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല, വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല, സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല, സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസകള്‍, അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുത് തുടങ്ങിയവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍.

നിപ കേരളത്തില്‍

2018 മെയ് അഞ്ചിനാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 17 പേര്‍ മരണത്തിന് കീഴടങ്ങി. ആദ്യ മരണം നടന്നുകഴിഞ്ഞ് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അജ്ഞാതമായ ഒരു വൈറസിനെ കുറിച്ചുള്ള സംശയം ജനിക്കുന്നത്.

തുടര്‍ന്ന് നടന്ന വിദഗ്ധ പരിശോധനയില്‍ മെയ് 19ന് നടന്ന മരണം നിപ വൈറസ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗനിര്‍ണയത്തിന് രണ്ടാഴ്ചയോളം വേണ്ടിവന്നെങ്കിലും പഴുതടച്ച പ്രതിരോധത്തിലൂടെ വൈറസിന്റെ അതിവ്യാപനം തടയാന്‍ സാധിച്ചു.

കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്തായിരുന്നു വൈറസ് ബാധയുടെ ഉറവിടം. മെയ് അഞ്ചിന് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വളച്ചുകെട്ടിവീട്ടില്‍ സാബിത്താണ് കേരളത്തില്‍ നിപ ബാധിച്ച് മരിച്ച ആദ്യ രോഗിയെന്ന് കരുതുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു സാബിത്തിന്റെ മരണം.

മെയ് 18ന് സാബിത്തിന്റെ സഹോദരന്‍ സ്വാലിഹും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിപ പനി മൂലം മരണപ്പെട്ടു. സാബിത്തിനാണ് പഴം തീനി വവ്വാലുകളില്‍ നിന്നും ആദ്യമായി നിപ ബാധിച്ചതെന്നാണ് കരുതുന്നത്. സാലിഹ് മരണപ്പെട്ടതോടെയാണ് രോഗം സ്ഥിരീകരണഘട്ടത്തിലെത്തിയത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സാലിഹിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുള്ള സംശയമാണ് വിദഗ്ധ പരിശോധനയിലേക്കെത്തിച്ചത്.

സാലിഹ് മരണപ്പെട്ടതിന് പിന്നാലെ പിതാവ് മൂസയും അവരുടെ സഹോദരി മറിയവും മരണപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ സാബിത്തിനെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തക, പേരാമ്പ്ര ആശുപത്രിയിലെ നേഴ്‌സ് ലിനി പുതുശ്ശേരിയും നിപ ബാധിച്ച് മരിച്ചു. മെയ് 2 നാണ് സാബിത് ആദ്യമായി പേരാമ്പ്ര ആശുപത്രിയില്‍ ചികിത്സ തേടുന്നത്.

അടുത്ത ദിവസം രോഗം മൂര്‍ഛിച്ച് വീണ്ടും അഡ്മിറ്റ് ആകുകയായിരുന്നു. ഇവിടെ വച്ചാണ് ആരോഗ്യ പ്രവര്‍ത്തക ലിനി അടക്കമുള്ളവര്‍ക്ക് രോഗം പടരുന്നത്. മെയ് നാലിന് സാബിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് സിടി സ്‌കാന്‍ ചെയ്യാന്‍ കൊണ്ടുപോയിരുന്നു. ഇതുവഴിയാകാം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗം പടര്‍ന്നതെന്ന് കരുതുന്നു. സാബിത്തില്‍ നിന്നാണ് പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ നാലുപേര്‍ക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പത്തുപേര്‍ക്കും നിപ പിടിപെടുന്നത്.

തുടര്‍ന്നങ്ങോട്ട് രോഗികളുമായി പല രീതിയില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട പതിമൂന്ന് പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ച അജന്യ, ഉബീഷ് എന്നിവര്‍ അത്ഭുതകരമായി രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

അജ്ഞാ തരോഗം ബാധിച്ച് മരിച്ച നാലുപേര്‍ ഒരേ കുടുംബത്തിലുള്ളവരായതിനാലാണ് രോഗം വൈറസ് ബാധയാണെന്ന സംശയത്തിലേക്കെത്തിച്ചത്. എന്നാല്‍, സാബിത്തിന്റെ സ്രവ സാംപിളുകള്‍ ശേഖരിച്ചിരുന്നില്ല. എന്നാല്‍, സാബിത്തില്‍ നിന്ന് രോഗം പകര്‍ന്ന സാലിഹിന് നിപ സ്ഥിരീകരിച്ചതിനാല്‍ സാബിത്തിന്റെ മരണകാരണവും നിപയാണെന്ന നിഗമനമാണുള്ളത്.

ഒരേ കുടുംബത്തിലെ മൂന്ന് മരണങ്ങളോടെയാണ് കേരളം നിപ ഭീതിയിലേക്കാഴുന്നത്. രോഗം സ്ഥിരീകരിച്ചതോടെ പഴുതടച്ച പ്രതിരോധമാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചത്. രോഗംബാധയുണ്ടായ പ്രദേശത്തേയും സമ്പര്‍ക്കമുള്ളവരേയും പൂര്‍ണമായും കണ്ടെയിന്‍ ചെയ്തു. ലക്ഷണങ്ങളോടെ എത്തുന്ന എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കി. മുന്‍കരുതലുകള്‍ കടുപ്പിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷം പുതിയ രോഗികളില്ലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയതോടെ 2018 ജൂണ്‍ 30ന് മലപ്പുറം കോഴിക്കോട് ജില്ലകളെ നിപ വിമുക്തമായി പ്രഖ്യാപിച്ചു.

ആദ്യ നിപ വൈറസ് ബാധയുടെ ഭീതിയൊഴിയുന്നതിന് മുന്‍പ് 2019ല്‍ വീണ്ടും കേരളത്തില്‍ നിപ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ഗോകുല്‍ കൃഷ്ണയ്ക്കാണ് (23) രോഗം സ്ഥിരീകരിച്ചത്. ആദ്യ നിപ വൈറസ് ബാധയുടെ അനുഭവമുള്ളതിനാല്‍ കര്‍ശന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്.

യുവാവുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നൂറിലധികം പേരെ നിരീക്ഷണത്തിലാക്കി. 17 പേരെ ഐസോലേറ്റ് ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം തടയാന്‍ സാധിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ 54 ദിവസം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് യുവാവ് രോഗമുക്തി നേടിയത്. രോഗം വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് യുവാവ് വ്യക്തമാക്കിയിരുന്നു. ഇത് വവ്വാല്‍ കടിച്ച പേരയ്ക്ക് ആയിരിക്കാമെന്നും ഇതില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലായിരുന്നു ആരോഗ്യ വകുപ്പ്.

2021ലാണ് കേരളത്തില്‍ മൂന്നാം തവണ നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം മുന്നൂരില്‍ നിന്നുള്ള 12 വയസ്സുകാരന്‍, മുഹമ്മദ് ഹിഷാന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ അഞ്ചിനായിരുന്നു മരണം. മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ രോഗവ്യാപനം തടയാന്‍ സാധിച്ചു. രോഗം ബാധിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. പഴത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലായിരുന്നു ആരോഗ്യ വകുപ്പ്.

പിന്നീട് 2023ലാണ് വീണ്ടും നിപ സ്ഥിരീകരിച്ചത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ആറ് കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരാള്‍ ഓഗസ്റ്റ് 30 നും മറ്റൊരാള്‍ സെപ്റ്റംബര്‍ ആദ്യത്തിലും മരിച്ചു. രണ്ടും കോഴിക്കോട് ജില്ലയിലായിരുന്നു. 40 വയസുകാരനായ ആയഞ്ചേരി മംഗലാടിലെ മമ്പളിക്കുനി ഹാരിസ്, 45കാരനായ മരുതോങ്കര കള്ളാട്ട് മുഹമ്മദലി എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2024 ല്‍ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തു. ജൂലായില്‍ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി നിപ ബാധിച്ച് മരിച്ചു.

2018ല്‍ കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മേഖലയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഗവേഷണ സംഘം പഠനം നടത്തിയിരുന്നു. ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ വീടിന്റെ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വലിയ പഴംതീനി വവ്വാലുകളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം.

നിപ ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തക ലിനി Screengrab, Copyright: Mathrubhumi News

ഇവിടുത്തെ വവ്വാലുകളില്‍ നിന്നുള്ള സാംപിളുകളില്‍ 19 ശതമാനത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വവ്വാലുകളില്‍ നിന്നുള്ള സാംപിളുകളിലെയും നിപ രോഗികളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളിലേയും വൈറസുകള്‍ തമ്മിലുള്ള സാമ്യം 99-100 ശതമാനമായിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം എന്ന നിഗമനത്തിലേയ്ക്ക് ഗവേഷകര്‍ എത്തിയത്.

വൈറസിന്റെ റിസര്‍വോയറുകളാണ് റ്റീറോപസ് എന്ന വലിയ പഴംതീനി വവ്വാലുകള്‍. അവയുടെ പ്രജനനം കൂടുതല്‍ നടക്കുന്നത് ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ്. റ്റീറോപസ് ജൈജാന്റിക്കസ് എന്ന ഏക പഴംതീനി വവ്വാല്‍ ഇനമാണ് ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ളത്.

എറണാകുളത്ത് 2019 ല്‍ രോഗം കണ്ടെത്തിയപ്പോഴും സമാന പഠനം നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകനായ പ്രാഖ്യയാദവിന്റെ നേതൃത്വത്തിലുള്ള ഐസിഎംആര്‍ സംഘം നടത്തിയിരുന്നു. രോഗബാധയേറ്റ യുവാവിന്റെ എറണാകുളത്തുള്ള വീട്, ഇയള്‍ പഠിച്ചിരുന്ന ഇടുക്കിയിലെ കോളേജ് എന്നിവയുടെ 5 കിലോമീറ്റര്‍ പരിധിയില്‍ നിന്ന് വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം.

എറണാകുളത്തെ തുരുത്തിപുരം, ആലുവ, വാവക്കാട്, ഇടുക്കി ജില്ലയിലെ തൊടുപുഴ, മുട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പഠനത്തിനായി സാമ്പിളുകള്‍ ശേഖരിച്ചത്. ഇതില്‍ തൊടുപുഴയില്‍ നിന്ന് ശേഖരിച്ച ഒരു പഴംതീനി വവ്വാലിന്റെ ശരീര സ്രവത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. തൊടുപുഴയില്‍ നിന്ന് തന്നെ ശേഖരിച്ച രണ്ട് വവ്വാലുകളുടെയും ആലുവയില്‍ നിന്നു ശേഖരിച്ച മറ്റൊരു വവ്വാലിന്റെയും ആന്തരിക അവയവങ്ങളില്‍ വൈറസ് സാന്നിധ്യമുണ്ടായിരുന്നു.

തൊടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് തുടങ്ങിയ നാലിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍ നിപ വൈറസിനെതിരായ ഇമ്മ്യൂണോഗ്ലോബലിനുകളുടെ (AntiNiV Ig G antibodise) സാന്നിധ്യം 21 ശതമാനം വരെയായിരുന്നു. ഇത് അവയുടെ ശരീരത്തില്‍ വൈറസ് ബാധയുണ്ടായിരുന്നു എന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.

2021 ല്‍ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഐസിഎംആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍ഐവി (നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്) സംഘം വവ്വാലുകളെ ശേഖരിച്ച് വൈറസ് പരിശോധന നടത്തിയിരുന്നു. ആദ്യഘട്ട ഫലത്തില്‍ താമരശ്ശേരിയിലെ ഒരു വവ്വാലിലും കൊടിയത്തൂരിലെ ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

കേരളത്തില്‍ റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട നായയുടെ മുഖമുള്ള പഴംതീനി വവ്വാലുകളില്‍ ആദ്യമായിട്ടാണ് നിപ സാന്നിധ്യത്തിന്റെ സൂചന ലഭിച്ചത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വൈറസിന്റെ പ്രഭവ കേന്ദ്രം വവ്വാലുകള്‍ തന്നെയെന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. ഐസിഎംആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നു.

കേരളത്തില്‍ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നും വവ്വാലുകള്‍ക്കിടയില്‍ നിശബ്ദമായ വ്യാപനം നടക്കുന്നുണ്ടാവാമെന്നുമുള്ള നിഗമനത്തിലാണ് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ സംഘം. ബംഗ്ലാദേശിലും, ബംഗാളിലും കണ്ടെത്തിയ വൈറസുകള്‍ ഇവിടെ കണ്ടെത്തിയതില്‍ നിന്ന് വകഭേദമുള്ളതാണെന്ന നിരീക്ഷണവുമുണ്ട്.

നിലവില്‍ നിപയില്‍ ബംഗ്ലാദേശ്, മലേഷ്യ വകഭേദങ്ങള്‍ മാത്രമാണുള്ളത്. കേരളത്തില്‍ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മില്‍ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യന്‍ വകഭേദവുമായി 8.24 ശതമാനവും. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ വവ്വാലുകളിലെ നിപ വൈറസ് വകഭേദം നിപ വൈറസ് ഇന്ത്യ സ്ട്രയിന്‍ (I) (NiV strain -India (I) ) ആണെന്ന അനുമാനവും ഗവേഷകര്‍ പങ്കുവെച്ചിട്ടുണ്ട്.

വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പഠനം നടത്തണമെന്നും നിരീക്ഷണ, ജാഗ്രതാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതാണെന്നുമുള്ള മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നു. കേരളത്തില്‍ കാണപ്പെടുന്ന 33 ഇനം വവ്വാലുകളില്‍ ഏഴിനം വവ്വാലുകള്‍ വൈറസ് വാഹകരാമെന്ന് മറ്റൊരു പഠന റിപ്പോര്‍ട്ടും പറയുന്നു.

എന്താണ് നിപ വൈറസ്

ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആര്‍എന്‍എ വൈറസ് ആണ് നിപ (Nipah Virus). മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി രോഗികളുടെ മരണത്തിനുവരെ കാരണമാകുന്നു. അത്ര വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നതല്ല നിപ വൈറസ്. വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടാവുന്നത്. രോഗകാരികളായ വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക്, പിന്നീട് മനുഷ്യരില്‍ നിന്ന് മറ്റ് മനുഷ്യരിലേക്കും എന്ന നിലയിലാണ് രോഗ വ്യാപനം നടക്കുന്നത്.

പാരാമിക്‌സോവൈറിഡേ കുടുംബത്തില്‍പ്പെട്ടതാണ് നിപ വൈറസ്. ഇവ വ്യത്യസ്ത ഘടനയോടുകൂടിയവയാണ്. 40 മുതല്‍ 600 എന്‍എം വരെ വ്യാസമുണ്ട്. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയുടെ സഹായത്തോടെയാണ് ഇതിന്റെ ഘടന നിര്‍ണയിച്ചത്. നിപ രോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.

1998 ല്‍ മലേഷ്യയിലെ കമ്പുങ് സുങായ് നിപ എന്ന ഗ്രാമത്തിലാണ് ഈ രോഗബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്. ഇതുകൊണ്ടാണ് നിപ വൈറസിന് ഈ പേര് ലഭിച്ചതും. കമ്പുങ് സുങായ് നിപ ഗ്രാമത്തില്‍ ബാധിച്ചത് നിപ വൈറസാണെന്ന് ഒരു വര്‍ഷത്തിനുശേഷം 1999ലാണ് സ്ഥിരീകരിച്ചത്. പന്നി വളര്‍ത്തല്‍ കര്‍ഷകരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് കരുതി രോഗസംക്രമണം തടയാന്‍ ദശലക്ഷക്കണക്കിന് പന്നികളെ അക്കാലത്ത് മലേഷ്യയില്‍ കൊന്നൊടുക്കുകയുണ്ടായി.

1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ മലേഷ്യന്‍ കാടുകളെ വരള്‍ച്ചയിലേക്ക് തളളിവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് മരങ്ങള്‍ കരിഞ്ഞുണങ്ങി. കടുത്ത ക്ഷാമത്തെ തുടര്‍ന്ന് പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നുജീവിച്ച മലേഷ്യന്‍ നരിച്ചീറുകളും (സസ്തനി വര്‍ഗത്തില്‍പ്പെട്ടത്) കൃഷിയിടങ്ങളിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് മലേഷ്യയിലെ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതരോഗം ബാധിച്ചുതുടങ്ങിയത്.

രോഗം പന്നികളെ ബാധിച്ചതിനുപിന്നാലെ പന്നികള്‍ കൂട്ടമായി ചത്തൊടുങ്ങി. പന്നികളെ വളര്‍ത്തിയിരുന്ന കര്‍ഷകരെയും രോഗം ബാധിച്ചുതുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ തുടങ്ങിയത്. മലേഷ്യയില്‍ 1999ല്‍ 257 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 105 ആളുകള്‍ മരിച്ചു.

2001 ലാണ് ഇന്ത്യയില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിക്കുന്നത്. ബംഗാളിലെ സിലിഗുഡിയില്‍ 71 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 50 പേര്‍ മരിച്ചു. 2007ലും വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. 2007 ഏപ്രിലിലാണ് ബംഗാളിലെ നാദിയ ജില്ലയിലെ ബെലെചുപാറയിലാണ് രോഗബാധ ആരംഭിച്ചത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് നാദിയ. അഞ്ച് പേര്‍ അജ്ഞാത രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു.

മരണപ്പെട്ടവരില്‍ ആദ്യത്തെയാള്‍ പ്രദേശത്തെ പനയില്‍ നിന്നുള്ള കള്ള് കുടിച്ചതായി പ്രദേശവാസികള്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അന്ന് 30 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ബംഗ്ലാദേശിലും ബംഗാളിലെ നാദിയയിലും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. ഡിസംബര്‍, മെയ് മാസങ്ങളിലായാണ് രോഗം വ്യാപിച്ചത്. 1998ന് ശേഷം നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി അഞ്ഞൂറോളം പേരെ ബാധിച്ചിട്ടുണ്ട്. ഇവരില്‍ 252 പേര്‍ മരിച്ചു.

രോഗം പകരുന്നതെങ്ങനെ?

ലോകാരോഗ്യ സംഘടന സൂണോറ്റിക് ഡിസീസ് വിഭാഗത്തിലാണ് നിപയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെയാണ് സൂണോറ്റിക് ഡിസീസ് എന്നുവിളിക്കുന്നത്. വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ. പന്നിപോലെയുള്ള മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാം.

രോഗിയുടെ ശരീരസ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണ കാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.

വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിടപഴകുന്നതോ പക്ഷി-മൃഗങ്ങള്‍ കടിച്ചുപേക്ഷിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടേയോ വൈറസുകള്‍ മനുഷ്യശരീരത്തിലെത്താം. പഴംതീനി വവ്വാലുകള്‍ നിപ വൈറസിന്റെ സ്വാഭാവിക വാഹകരാണ്. വവ്വാലിന് നിപയെക്കൊണ്ട് ഉപദ്രവമൊന്നുമില്ല. പരസ്പര സഹവര്‍ത്തിത്വത്തോടെ (co-evolution) കഴിയുന്നവരാണ് വവ്വാലും നിപയും. വവ്വാലില്ലെങ്കില്‍ നിപയ്ക്ക് നിലനില്‍പില്ല. അതുകൊണ്ടുതന്നെ വവ്വാലിനെ ഈ വൈറസ് ബാധിക്കുകയുമില്ല.

രോഗ ലക്ഷണങ്ങള്‍

നിപാ വൈറസ് ബാധ പ്രധാനമായും രണ്ട് തരത്തിലാണ് ശരീരത്തെ ബാധിക്കുക. നേരിട്ട് തലച്ചോറിനെ ബാധിച്ച് എന്‍സഫലൈറ്റിസിന് ഇടയാക്കാം. അല്ലെങ്കില്‍ ശ്വാസകോശത്തെ ബാധിച്ച് ന്യൂമോണിയ അടക്കം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന ഗുരുതര അവസ്ഥകളിലേക്ക് നയിക്കപ്പെടാം.

നിപ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് അഞ്ച് മുതല്‍ 15 ദിവസത്തിന് ശേഷമേ ലക്ഷണങ്ങള്‍ കാണിക്കൂ. കടുത്ത പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രാഥമിക ലക്ഷണങ്ങള്‍, ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം കാഴ്ചമങ്ങല്‍ എന്നിവ അനുഭവപ്പെടാം. രോഗലക്ഷണങ്ങള്‍ പ്രകടമായി ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. സ്ഥലകാല ബോധം നഷ്ടപ്പെടുക. അപസ്മാരം, ബോധക്ഷയം എന്നിവയ്ക്കും സാധ്യതയുണ്ട്.

കടുത്ത ചുമയോ പനിയോ ഉണ്ടായാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം ചികിത്സ തേടണം. ലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേകശ്രദ്ധ പുലര്‍ത്താം. ലക്ഷണങ്ങള്‍ കൃത്യമായി ഡോക്ടറെ ധരിപ്പിക്കണം. പനിയുണ്ടാകാന്‍ എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടെന്ന് തോന്നുകയാണെങ്കില്‍ അതും ഡോക്ടറോട് പങ്കുവെയ്ക്കണം. വ്യാജ ചികിത്സകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വഴിപ്പെടാതിരിക്കുകയെന്നതും പ്രധാനമാണ്. പനി മാറുംവരെ പൂര്‍ണ്ണ വിശ്രമമമെടുക്കണം.

മുന്‍കരുതലുകള്‍

രോഗം പകരാനുള്ള സാഹചര്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ രീതി. പഴങ്ങള്‍ കഴിക്കുമ്പോള്‍ വവ്വാലുകള്‍ കടിച്ചുപേക്ഷിച്ചതല്ലെന്ന് ഉറപ്പുവരുത്തുക. ഉപയോഗിക്കാവുന്ന പഴങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം മാത്രം കഴിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണറില്‍ വവ്വാലുകളുടെ വിസര്‍ജ്യങ്ങളോ സ്രവങ്ങളോ കലരാന്‍ ഇടയാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

രോഗബാധയുടെ സാഹചര്യത്തില്‍ കള്ള് ഉപയോഗിക്കുന്നതില്‍ പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കേണ്ടതുണ്ട്. വവ്വാലിന്റെ സമ്പര്‍ക്കത്തിന് സാധ്യതയുണ്ടെന്നതിനാലാണിത്. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവര്‍, അവയില്‍ എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കണം. അങ്ങനെ തോന്നുകയാണെങ്കില്‍ അവയെ ചികിത്സയ്ക്ക് വിധേയമാക്കണം. അവയുടെ വിസര്‍ജ്യങ്ങളും സ്രവങ്ങളും ശരീരത്തിലാകാതെ നോക്കണം.

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്. മറ്റ് വൈറസ് രോഗങ്ങളുടെ കാര്യത്തിലെന്ന പോലെ രോഗികളുമായി അടുത്തിടപെടുന്നവര്‍ മാസ്‌ക്, കൈയുറ എന്നിവ ധരിക്കുക, കൈകളും മറ്റും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിപ്പ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവരെ പ്രത്യേക വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുന്നതാണ് നല്ലത്. രോഗ പരിചാരകര്‍ സാംക്രമിക രോഗമുള്ളവരെ ചികിത്സിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ (Barrier Nursing) കര്‍ശനമായി പാലിച്ചിരിക്കണം.

എന്തുകൊണ്ടാണ് ഒരു പ്രത്യേക മേഖലയില്‍ മാത്രം വീണ്ടും വൈറസ് സ്ഥിരീകരിക്കുന്നു എന്നുള്ളത് എപ്പിഡമോളജിസ്റ്റുകളുടെ പഠനത്തിലൂടെ കണ്ടെത്തേണ്ടതാണ്. പല വവ്വാലുകളിലും നിപ വൈറസ് സാന്നിധ്യമുണ്ടാകാം. എന്നാല്‍ അതിന്റെ ജനിതക ഘടനയില്‍ മാറ്റം വരുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നത്. അതേക്കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്.

FAQs

എന്താണ് നിപ വൈറസ്?

നിപാ വൈറസ് ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് കാരണമാകുന്നു.

ആരാണ് ലിനി?

കേരളത്തിൽ നിന്നുള്ള ഒരു അരോഗ്യ ശുശ്രൂഷകയായിരുന്നു ലിനി. 2018 ൽ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് എന്ന ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ് പകർച്ചവ്യാധിയിൽ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം പിടിപെട്ട് മരിച്ചതോടെ ലോക ജനശ്രദ്ധയിലേക്കെത്തി.

ആരാണ് വീണാ ജോർജ്ജ്?

പതിനാല്, പതിനഞ്ച് നിയമസഭകളിലെ അംഗവും രണ്ടാം പിണറായി സർക്കാറിലെ ആരോഗ്യം, വനിത ശിശു വികസന വകുപ്പ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമാണ് വീണ ജോർജ്ജ്.

Quotes

“രോഗം വരുന്നതുവരെ ആരോഗ്യം വിലമതിക്കുന്നതല്ല-തോമസ് ഫുള്ളർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.