Wed. Dec 18th, 2024

മലപ്പുറം: പ്രവര്‍ത്തന സമയത്തിനു ശേഷവും ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിനെ പോലീസുകാര്‍ മര്‍ദിച്ചതായി ആരോപണം. 

എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. ചങ്ങരംകുളം സ്‌റ്റേഷനിലെ പോലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് സാധനം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് സമയം കഴിഞ്ഞു മദ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് സുനീഷ് പറഞ്ഞു. 9.35 ഓടെയാണ് രണ്ടുപേര്‍ അടച്ചിട്ട ബെവ്‌കോയില്‍ നിന്ന മദ്യം വാങ്ങുന്നത്. ഉടന്‍ തന്നെ ഞാന്‍ അത് മൊബൈലില്‍ പകര്‍ത്തി. 

ഇതുകണ്ട് എത്തിയ അവര്‍ ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് മര്‍ദിക്കുകായിരുന്നു’- സുനീഷ് പറഞ്ഞു. ഇവർ മദ്യം വാങ്ങുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സാധാരണ നിലയില്‍ ഒന്‍പതുമണിവരെയാണ് ബെവ്‌കോയ്ക്ക് മദ്യവില്‍പ്പനയ്ക്കായി അനുവദിച്ച സമയം.