Mon. Dec 23rd, 2024

ന്യൂഡൽഹി: ബുൾഡോസർ നീതിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. 

നിയമപരമമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കൽ ഭീഷണികൾ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാൻഷു ദൂലിയ, എസ് വി എൻ ഭാട്ടി എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റേതാണ് സുപ്രധാന നിരീക്ഷണം. രാജ്യത്തിൻ്റെ നിയമങ്ങൾക്ക് മേലെയാണ് ബുൾഡോസർ ഓടിക്കുന്നതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

പൗരാണികമായ വീട് പൊളിക്കാനുള്ള ശ്രമത്തിനെതിരായ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടായത്. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് വീട് പൊളിക്കാനുള്ള ശ്രമമുണ്ടായത്.

ജാവേദാലി മഹേബുബമിയ സിയാദ് എന്നയാളാണ് ഹർജി നല്‍കിയത്. സെപ്റ്റംബര്‍ ആറിനാണ് വീട് പൊളിക്കാനായി നോട്ടീസ് നല്‍കിയത്. ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് ഇത്തരത്തില്‍ വീട് പൊളിക്കാന്‍ നോട്ടീസ് നല്‍കിയത്. ഒരു കുടുംബാംഗത്തിന് നേരെ രജിസ്റ്റര്‍ ചെയ്ത കേസിൻ്റെ പേരില്‍ മൊത്തം കുടുംബാംഗങ്ങളെയും എന്തിനാണ് ശിക്ഷിക്കുന്നതെന്നായിരുന്നു ഹർജിയിലെ പ്രധാന ചോദ്യം.

വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ഒരാള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത് വീട് പൊളിക്കാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിയമം അനുസരിച്ച് വേണം രാജ്യത്ത് സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കാന്‍. കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കാനാവില്ല. നിയമപരമായി നിര്‍മിച്ച കെട്ടിടം പൊളിക്കാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.