Sun. Nov 24th, 2024
Jenson left Shruti alone after she lost her family in Wayanad landslides

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസണും മരണത്തിന് കീഴടങ്ങി. കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസൺ ചികിത്സയിലായിരുന്നു. ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. ‌വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.

വയനാടിനെ തകർത്ത ഉരുൾപൊട്ടലിൽ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവരെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. അച്ഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തിൽ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.

ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ അടുപ്പമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ വിവാഹം നടത്താനിരിക്കുകയായിരുന്നു. എന്നാൽ ദുരന്തത്തിൽ ഉറ്റവരെല്ലാം നഷ്ടമായതോടെ വിവാഹം നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് കൽപറ്റയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ജെൻസൺ മരണമടഞ്ഞത്.