Mon. Dec 23rd, 2024

ന്യൂഡൽഹി: രാജ്യത്തെ 70 വയസ്സിനും അതിന് മുകളിൽ പ്രായമുള്ളവരെയും ആയുഷ്മാൻ ഭാരത് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം ആറ് കോടി മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

കുടുംബ അടിസ്ഥാനത്തിൽ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴിൽ ലഭിക്കുക. നിലവിൽ പദ്ധതിയിൽ അംഗങ്ങളായവർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. ഇത് കുടുംബങ്ങളുമായി പങ്കിടാനാവില്ല.

കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്), എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ ഇതിനകം ലഭിക്കുന്ന 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് അവരുടെ നിലവിലുള്ള പദ്ധതിയിൽ തുടരുകയോ എ ബി പിഎംജെവൈയിലേക്ക് മാറുകയോ ചെയ്യാം. 

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കോ ​​എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിനോ കീഴിലുള്ള 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും എ ബി പിഎംജെവൈ പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടാകും. 70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നൽകുമെന്ന് പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചിരുന്നു.