Thu. Sep 19th, 2024

മേപ്പാടി: വയനാട് ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസൻ്റെ നില അതീവ ​ഗുരുതരമായി തുടരുന്നു. 

രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിലാണെന്ന് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർ മനോജ് നാരയണൻ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്തുവരികയാണ്. മൂക്കിൽ നിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിരുന്നു. സാധ്യമായതെല്ലാം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശികളായ ലാവണ്യ, ശ്രുതി, ശ്രുതിയുടെ പ്രതിശ്രുത വരൻ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ ഉൾപ്പെടെയുള്ളവർക്കാണ് ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റത്. 

ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. മറ്റുള്ളവർ സുരക്ഷിതരാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.