Wed. Jan 22nd, 2025

ന്യൂഡൽഹി: 2036 ഓടുകൂടി ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ. റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോമിൻ്റേതാണ് പദ്ധതി. 

ഇത് പ്രകാരം, 500 കിലോവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജനിലയം നിര്‍മിക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമാവാന്‍ ചൈനയും ഇന്ത്യയും താത്പര്യം അറിയിച്ചതായി റോസറ്റോം മേധാവി അലക്‌സി ലിഖാച്ചെ പറഞ്ഞു.

വിവിധ അന്തര്‍ദേശീയ ബഹിരാകാശ പദ്ധതികള്‍ക്ക് അടിത്തറ പാകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈസ്റ്റേണ്‍ എക്കോണമിക് ഫോറത്തില്‍ അലക്‌സി പറഞ്ഞു.റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും തങ്ങള്‍ ചന്ദ്രനില്‍ ആണവോര്‍ജ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. 

പൂര്‍ണമായി ഓട്ടോണമസ് ആയിട്ടാവും ചാന്ദ്രനിലയത്തിന്റെ നിര്‍മാണമെന്ന് റഷ്യ പറയുന്നു. അതിന് ആവശ്യമായ സാങ്കേതിക വിദ്യകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വന്തം ആണവോര്‍ജ നിലയം സ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണ്. 

ചന്ദ്രനില്‍ 14 ദിവസം പകലും 14 ദിവസം രാത്രിയും ആയതിനാല്‍ പൂര്‍ണമായും സൂര്യപ്രകാശത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് ആണവോര്‍ജ്ജം പ്രയോജനപ്പെടുക. 2050 -ഓടുകൂടി ചന്ദ്രനില്‍ സ്വന്തം ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ലക്ഷ്യങ്ങളുടെ മുന്നോടിയായാണ് ഇന്ത്യയും പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.