Fri. Nov 22nd, 2024

തിരുവനന്തപുരം: ഹൈക്കോടതി വിധി പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വേണ്ടത് ചെയ്യുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. 

സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും കോടതി പറഞ്ഞ രേഖകൾ എല്ലാം ഹാജരാക്കിയെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി നിർദേശിച്ച പല കാര്യങ്ങളും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. അതിലൊന്ന് സിനിമ നയരൂപീകരണമാണ്. സിനിമ ലൊക്കേഷനുകളിൽ പരാതി സ്വീകരിക്കാൻ സംവിധാനമൊരുക്കും. 

സ്ത്രീ സുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണിത്. ഹൈക്കോടതി സർക്കാരിനെ വിമർശിച്ചുവെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. പൊതുസമൂഹത്തിന് മുന്നിൽ സർക്കാരിൻ്റെ കാഴ്ചപ്പാട് വ്യക്തമാണ്. 

റിപ്പോർട്ട് പുറത്തുവിടാതിരിക്കാനുള്ള കാരണം ഹൈക്കോടതിയെ ധരിപ്പിച്ചു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഇനിയും പരാതി നൽകാനുള്ളവർ അത് നൽകണമെന്ന് മുഖ്യമന്ത്രി ഇന്നലെയും വ്യക്തമാക്കിയതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കണമെങ്കിൽ കോടതി നിർദേശം ആവശ്യമായിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.