Thu. Sep 19th, 2024

 

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവെച്ചു. രാജ്യസഭാ എംപി ജവഹര്‍ സിര്‍ക്കാര്‍ ആണ് രാജിവെച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിക്ക് അയച്ച കത്തില്‍ സിര്‍ക്കാര്‍ പറഞ്ഞു. അഴിമതിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ നിരാശയുണ്ടെന്ന് സിര്‍ക്കാര്‍ പറഞ്ഞു.

‘ഉന്നത സ്ഥാനം വഹിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അഴിമതി നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ബംഗാളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ എംപി സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. അഴിമതിക്കും വര്‍ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും’ അദ്ദേഹം വ്യക്തമാക്കി.

ഐഎഎസ് ഉദ്യോഗസ്ഥനായ സിര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം 70ാം വയസ്സിലാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ബിജെപി നേതൃത്വത്തിന്റെ ഏകാധിപത്യപരവും വര്‍ഗീയവുമായ രാഷ്ട്രീയത്തെ ചെറുക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വൈകിയതില്‍ സിര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചു. സമരം ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരത്തെ ചെയ്യുന്നത് പോലെ വേഗത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആവശ്യമായ നടപടികള്‍ യഥാസമയത്ത് ഉണ്ടായില്ലെന്ന് സിര്‍ക്കാര്‍ പറഞ്ഞു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സംഭവത്തില്‍ സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ച നടപടികളെ വളരെ വൈകി സ്വീകരിച്ച ചെറിയ നടപടിയെന്നാണ് സിര്‍ക്കാര്‍ വിശേഷിപ്പിച്ചത്. അഴിമതിക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഭരണപരമായ പരാജയങ്ങള്‍ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാനും നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ നിയന്ത്രണവിധേയമാകുമായിരുന്നു എന്നും സിര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

എംപിയെന്ന നിലയില്‍ തന്റെ മൂന്നു വര്‍ഷത്തെ കാലയളവില്‍ മോദി സര്‍ക്കാരിന്റെ ഏകാധിപത്യപരവും വിവേചനപരവും ഫെഡറല്‍ വിരുദ്ധവുമായി നടപടികള്‍ക്കെതിരെ പോരാടിയെന്ന് സിര്‍ക്കാര്‍ വ്യക്തമാക്കി.

‘പാര്‍ട്ടിയിലെ അഴിമതിക്കെതിരെ വിരല്‍ചൂണ്ടിയപ്പോള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരായി. നിരാശനായെങ്കിലും പാര്‍ട്ടി കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പദവിയില്‍ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പൊതു കാമ്പയിന് ശേഷം പാര്‍ട്ടി ഇക്കാര്യത്തില്‍ അമാന്തം കാണിച്ചതോടെ തന്റെ പ്രതീക്ഷകള്‍ അവസാനിച്ചെന്നും’ സിര്‍ക്കാര്‍ വ്യക്തമാക്കി.