Wed. Jan 22nd, 2025

 

ചെന്നൈ: തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടന്‍ വിജയ്. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് അറിയിച്ചു.

ഫെബ്രുവരി രണ്ടിനായിരുന്നു പാര്‍ട്ടി അംഗീകരത്തിന് വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് നിയമപരമായ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കിയെന്ന് വിജയ് പ്രതികരിച്ചു.

ആദ്യവാതില്‍ തുറന്നെന്നും വിവിധ മേഖലകളില്‍ വിജയം കൈവരിക്കാനാകുമെന്നും വിജയ് പ്രതീക്ഷ പങ്കുവെച്ചു. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

രണ്ടാഴ്ച മുമ്പാണ് വിജയ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറത്തില്‍ ആനകളുടെ ചിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പതാകയായിരുന്നു വിജയ് പുറത്തിറക്കിയത്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് വിജയ് നടത്തുന്നതെന്നാണ് വിവരം.