Mon. Dec 23rd, 2024

ജോര്‍ജിയ: യുഎസിലെ ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലുണ്ടായ അക്രമിയുടെ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. 

പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10.20 നാണ് വെടിവെപ്പ് നടന്നത്. സ്കൂളിലെ വിദ്യാർത്ഥിയായ 14 കാരൻ തോക്കുമായി പ്രവേശിച്ച് തുരുതുരാ വെടി വെക്കുകയായിരുന്നു. വെടിവെപ്പ് ഉണ്ടാകുമെന്ന് സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നും സൂചനയുണ്ട്. 2000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വിദ്യാർഥികളാണ്. രണ്ട് പേർ അധ്യാപകരും. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഉച്ചയ്ക്ക് വിട്ടിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. 

സംഭവത്തെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്‍ ശക്തമായ ഭാഷയിൽ അപലപിച്ചു. “വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ജിലും ഞാനും വിലപിക്കുന്നു. അതിജീവിച്ചവര്‍ക്കൊപ്പമുണ്ടാവും ” ബൈഡന്‍ പറഞ്ഞു. ആയുധങ്ങള്‍ കൈവശംവയ്ക്കാനും സൂക്ഷിക്കാനും അനുവദിക്കുന്ന യുഎസ് നിയമങ്ങളില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ വിവിധ നേതാക്കൾ ആവശ്യപ്പെട്ടു.