Sat. Sep 14th, 2024

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടന്നത്. 

ഇതോടെ വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി ഇരുവരും മത്സരിക്കുമെന്ന സൂചന കൂടിയാണ് പുറത്തു വരുന്നത്. അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ അന്തിമ രൂപം നൽകാൻ സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കേയാണ് രാഹുൽഗാന്ധിയുമായുള്ള കൂടികാഴ്ച്ച. കഴിഞ്ഞ ആഴ്ച്ച വിനേഷ് ഫോഗട്ട് ശംഭു അതിർത്തിയിലുള്ള കർഷകരുടെ പ്രതിഷധപരിപാടിയിൽ പങ്കെടുത്തിരുന്നു. 

കർഷകർ തെരുവിൽ നിൽക്കുമ്പോൾ രാജ്യം എങ്ങനെയാണ് മുന്നേറുക എന്ന ചോദ്യമടക്കം കേന്ദ്രസർക്കാരിനെതിരെ നിരവധി വിമർശനവുമായാണ് മുൻ ഒളിംപ്യൻ കൂടിയായ വിനേഷ് ഫോഗട്ട് രംഗത്തെത്തിയത്. ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷണെതിരെ തലസ്ഥാനത്ത് ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതും വിനേഷായിരുന്നു. ഒക്‌ടോബർ 5 ന് ആണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്.