Wed. Jan 22nd, 2025

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എംപി. ഓരോ മണിക്കൂറുകളിലും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോഴും എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും സുജിത്ത് ദാസിനെയും പോലുള്ള ക്രിമിനില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. 

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടിയാണെന്നും അതിനുകാരണം സ്വര്‍ണവും സംഘപരിവാറുമാണെന്നത് ഓരോ വെളിപ്പെടുത്തലും വ്യക്തമാക്കുന്നുവെന്നും ഷാഫി പറമ്പില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃശൂരിലെ പൂരം കലക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതുള്‍പ്പടെയുള്ള ആളായ അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായിട്ട് പോലും മുഖ്യമന്ത്രി എന്തിനാണ് സംരക്ഷിക്കുന്നത്. മറയ്ക്കാന്‍ ഒരുപാട് ഉള്ളതുകൊണ്ടും അരമന രഹസ്യങ്ങള്‍ അറിയാവുന്ന ആളുകള്‍ ആയതുകൊണ്ടുമാണ് ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ സംരക്ഷിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. 

ഒരു ഭരണകക്ഷി എംഎല്‍എയുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെയും എഡിജിപിയെയും അവരുടെ കുടുംബത്തെയും പറ്റി മോശമായി സംസാരിച്ചയാളെ ഹെഡ് ക്വാട്ടേഴ്‌സില്‍ കൊണ്ടുപോയി ഇരുത്തി സംരക്ഷിക്കാനാണ് മുഖ്യൻ്റെ ശ്രമം. ഇവരെ മുഖ്യമന്ത്രിക്ക് പേടിയാണ് എന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.