Mon. Dec 23rd, 2024

പാരിസ്: യൂറോപ്പിലേക്ക് കുടിയേറാനുള്ള അഭയാർഥികളുമായി പോയ ബോട്ട് ഫ്രഞ്ച് തീരത്ത് ഇംഗ്ലീഷ് ചാനലിൽ മുങ്ങി ഗർഭിണിയുൾപ്പെടെ 12 പേർ മരിച്ചതായി റിപ്പോർട്ട്. 10 സ്ത്രീകളും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്.

 50 പേരെ ഫ്രഞ്ച് കോസ്റ്റ്ഗാർഡ് രക്ഷപെടുത്തിയതായി റിപ്പോർട്ടുണ്ട്. ആളുകളെ കുത്തിനിറച്ചുവന്നിരുന്ന ബോട്ടിൽ എട്ടുപേർ മാത്രമാണ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നത്.

യുകെ ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി. മോശം കാലാവസ്ഥകളിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ആളുകളെ യുറോപ്പിലേക്ക് അനധികൃതമായി കടത്തുന്ന സംഘങ്ങളാണ് അപകടത്തിന് കാരണം. മെച്ചപ്പെട്ട തൊഴിൽ , ജീവിത സാഹചര്യങ്ങൾ ലക്ഷ്യംവെച്ച് പശ്ചിമേഷ്യയിൽ നിന്നും ആഫ്രിക്കൻ , ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും എത്തുന്ന കുടിയേറ്റക്കാരാണ് പലപ്പോഴും അപകടങ്ങളിൽ പെടുന്നത്.